റുട്ടെയെ തനിച്ചാക്കി ജോട്ടോ മറഞ്ഞു...
Friday, July 4, 2025 2:38 AM IST
സ്കൂള്‍ കാലഘട്ടം മുതല്‍ ഒന്നിച്ചായിരുന്ന റുട്ടെ കാര്‍ഡോസോയെ തനിച്ചാക്കിയാണ് ഡിയോഗോ ജോട്ടയുടെ അന്ത്യയാത്ര. ഇരുവരും തമ്മില്‍ പതിറ്റാണ്ടുകളുടെ പ്രണയം. പ്രണയവല്ലരിയില്‍ മൂന്നു മക്കള്‍, ഒടുവില്‍ കഴിഞ്ഞ മാസം ഔദ്യോഗികമായി വിവാഹിതരായി. സന്തോഷദിനങ്ങള്ക്കു കണ്ണീരുപ്പു നല്കി ജോട്ട മടങ്ങി...
ഹൈസ്കൂളില്‍വച്ചാണ് റുട്ടെ കാര്‍ഡോസോയും ഡിയോഗോ ജോട്ടയും പരിചയപ്പെട്ടതും സുഹൃത്തുക്കളായതും പ്രണയബദ്ധരായതും. 2013ല്‍ ക്ലബ് കരിയറിലേക്ക് പിച്ചവച്ചപ്പോള്‍ മുതല്‍ ഇരുവരും ഡേറ്റിംഗിലായിരുന്നു. 2013ല്‍ പാക്കോസ് ഡി ഫെരേരയില്നിന്ന് പോര്‍ട്ടോയിലേക്ക് ജോട്ടോ ചേക്കേറിയപ്പോഴും തുടര്‍ന്ന് വോള്‍വര്‍ഹാംപ്ടണിലും ലിവര്പൂളിലുമെല്ലാം ഇരുവരും ഒന്നിച്ചുതന്നെ.
വിവാഹത്തിന്റെ 10-ാം നാളില്‍ വേർപാട്
2020 ഓഗസ്റ്റില്‍ ഇരുവരും ആദ്യകുട്ടിയെ പ്രതീക്ഷിക്കുന്നതായി വെളിപ്പെടുത്തി. 2021 ഫെബ്രുവരിയില്‍ ആദ്യകുട്ടി ജനിച്ചു, ഡെനിസ്. തുടര്‍ന്ന് 2023 മാര്‍ച്ചില്‍ രണ്ടാമത്തെ ആണ്‍കുഞ്ഞ്, ഡുവാര്‍ട്ടെ. 2024 നവംബറില്‍ ഒരു പെണ്‍കുഞ്ഞും...
2025 ജൂണ്‍ 22നായിരുന്നു റുട്ടെയും ജോട്ടയും ഔദ്യോഗികമായി വിവാഹിതരായത്. വിവാഹത്തിന്റെ 10-ാംനാള്‍, റുട്ടെയ്ക്കൊപ്പം കുഞ്ഞുമക്കളെയും തനിച്ചാക്കി ജോട്ടയുടെ അന്ത്യയാത്ര...