ക്ലബ് ലോകകപ്പിൽ ഞെട്ടിക്കുന്ന തോൽവിയുമായി മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും പുറത്ത്
Tuesday, July 1, 2025 10:54 PM IST
ഒര്‍ലാന്‍ഡോ: ഫിഫ 2025 ക്ലബ് ലോകകപ്പ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടറില്‍ മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ടു വമ്പന്മാര് പൊട്ടി, പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയും യുവേഫ ചാമ്പ്യന്‍സ് ലീഗ് 2024-25 സീസണ് ഫൈനലിസ്റ്റുകളായ ഇന്റര്‍ മിലാനും.
മാഞ്ചസ്റ്റര്‍ സിറ്റിയെ 2-4നു കീഴടക്കി സൗദി പ്രൊ ലീഗ് ക്ലബ് അല്‍ ഹിലാല്‍ എഫ്സിയും ഇന്റര്‍ മിലാനെ 0-2നു കീഴടക്കി ബ്രസീല്‍ ക്ലബ് ഫ്ളുമിനെന്‍സും ക്ലബ് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഒരു ഫിഫ ടൂര്‍ണമെന്റില്‍ യൂറോപ്യന്‍ ക്ലബ്ബിനെ കീഴടക്കുന്ന ആദ്യ ഏഷ്യന്‍ ക്ലബ് എന്ന ചരിത്രം അല്‍ ഹിലാല്‍ സ്വന്തമാക്കി.
സിറ്റിയെ ഹിലാൽ വീഴ്ത്തി
അധിക സമയത്തേക്കു നീണ്ട പോരാട്ടത്തിലാണ് അല്‍ ഹിലാല്‍ എഫ്സി, ക്ലബ് ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിയെ അട്ടിമറിച്ചത്. നിശ്ചിത സമയത്ത് ഇരുടീമും 2-2 സമനില പാലിച്ചു. അധിക സമയത്ത് മൂന്നു ഗോള്‍ പിറന്ന ത്രില്ലറില്‍ 4-3നായിരുന്നു സൗദി പ്രൊ ലീഗ് ക്ലബ്ബിന്റെ ചരിത്ര ജയം. അല്‍ ഹിലാല്‍ ഗോള്‍ കീപ്പര്‍ യാസീന്‍ ബൗണൗവിന്റെ അത്യുജ്വല രക്ഷപ്പെടുത്തലാണ് ടീമിന്റെ ജയത്തില്‍ നിര്‍ണായകം.
ബെര്‍ണാഡോ സില്‍വ (9’), എര്‍ലിംഗ് ഹാലണ്ട് (55’) എന്നിവര്‍ സിറ്റിക്കായും മാര്‍ക്കോസ് ലിയോനാര്‍ഡോ (46’) മാര്‍ക്കോ (52’) എന്നിവര്‍ അല്‍ ഹിലാലിനായും നിശ്ചിത സമയത്ത് ഗോള്‍ നേടി. അധിക സമയത്ത് കലിദൗ കൗലിബാലിയിലൂടെ (94’) അല്‍ ഹിലാല്‍ ലീഡ് നേടി. എന്നാല്‍, ഫില്‍ ഫോഡന് (104’) സിറ്റിയെ ഒപ്പമെത്തിച്ചു. തുടര്‍ന്ന് 112-ാം മിനിറ്റില്‍ മാര്‍ക്കോസ് ലിയോനാര്‍ഡോ അല്‍ ഹിലാലിന്റെ ജയം കുറിച്ച ഗോള്‍ സ്വന്തമാക്കി.
ഇന്ററിനെ മറിച്ചു
ഇന്റര്‍ മിലാന് സൂപ്പര്‍ താരം ലൗതാരൊ മാര്‍ട്ടിനെസ് ഗോള്‍ നേടാനുള്ള ഒന്നിലധികം അവസരങ്ങള്‍ തുലച്ചപ്പോള്‍ ബ്രസീല്‍ ക്ലബ്ബിന്റെ ജയം ഏകപക്ഷീയമായി. മാഞ്ചസ്റ്റര്‍ സിറ്റിയെ അല്‍ ഹിലാല്‍ അട്ടിമറിച്ചതിനു ശേഷമാണ് ഇന്റര്‍ മിലാന് x ഫ്ളുമിനെന്‍സ് പോരാട്ടം അരങ്ങേറിയത്.
2023 കോപ്പ ലിബര്‍ട്ടഡോറസ് ചാമ്പ്യന്മാര്ക്കുവേണ്ടി ജര്‍മന്‍ കാനോ (3’), ഹെര്‍ക്കുലീസ് (90+3’) എന്നിവരാണ് ഗോള്‍ സ്വന്തമാക്കിയത്.
ക്വാര്‍ട്ടറില്‍ അല്‍ ഹിലാലും ഫ്ളുമിനെന്‍സും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വെള്ളി അര്‍ധരാത്രി 12.30നാണ് മത്സരം.