പച്ചപ്പില്‍ അട്ടിമറി
Tuesday, July 1, 2025 2:43 AM IST
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസിന്റെ 2025 പതിപ്പിന് അട്ടിമറിയോടെ തുടക്കം. ഏക പുല്‍കോര്‍ട്ട് ഗ്രാന്സ്ലാമായ വിംബിള്‍ഡണില്‍ പുരുഷ സിംഗിള്‍സിന്റെ ആദ്യ റൗണ്ടില്‍ ഒമ്പതാം സീഡായ റഷ്യയുടെ ഡാനില്‍ മെദ്വദേവ് പുറത്ത്. ഫ്രാന്‍സിന്റെ സീഡില്ലാത്ത ബെഞ്ചമിന്‍ ബോന്സിയോടാണ് 2021 യുഎസ് ഓപ്പണ്‍ ജേതാവായ മെദ്വദേവ് പരാജയപ്പെട്ടത്. സ്കോര്‍: 7-6 (7-2), 3-6, 7-6 (7-3), 6-2.
പുരുഷ സിംഗിള്‍സില്‍ 20-ാം സീഡായ ഓസ്ട്രേലിയയുടെ അലക്സി പോപ്പിരിന്, 24-ാം സീഡ് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ് എന്നിവരും ആദ്യ റൗണ്ടിനപ്പുറം കടന്നില്ല. പരിക്കിനെത്തുടര്‍ന്ന് സിറ്റ്സിപാസ് റിട്ടയര്‍ ചെയ്യുകയായിരുന്നു. ഫ്രഞ്ച് താരം വാലന്റൈന്‍ റോയറിനോട് 6-3, 6-2നു പിന്നില്‍ നില്‍ക്കവേയാണ് സിറ്റ്സിപാസ് റിട്ടയര്‍ ചെയ്തത്. ബ്രിട്ടീഷ് താരം ആര്‍തര്‍ ഫെറിയോട് 6-4, 6-1, 4-6, 6-4നാണ് അലക്സി പോപ്പിരിന്റെ ആദ്യ റൗണ്ട് തോല്‍വി.
ഓസ്ട്രേലിയയുടെ ജോര്‍ദാന്‍ തോംപ്സണ്, അമേരിക്കയുടെ ലേണര്‍ ടിയാന്, ഫ്രാന്‍സെസ് ടിയാഫോ, ബ്രിട്ടന്റെ കാമറൂണ്‍ നോറി തുടങ്ങിയവരും രണ്ടാം റൗണ്ടിലെത്തി.
സബലെങ്ക മുന്നോട്ട്
വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറായ ബെലാറൂസിന്റെ അരീന സബലെങ്ക രണ്ടാം റൗണ്ടില്‍. കാനഡയുടെ കാര്സണ് ബ്രാന്‍സ്റ്റൈനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് സബലെങ്കയുടെ മുന്നേറ്റം. സ്കോര്‍: 6-1, 7-5.
യുക്രെയ്നിന്റെ എലീന സ്വിറ്റോളിന, അര്‍ജന്റീനയുടെ സോളാന സിയറ, ക്രൊയേഷ്യയുടെ ഡോണ വെകിച്ച്, സ്പെയിനിന്റെ ക്രിസ്റ്റീന ബുക്സ, ബ്രസീലിന്റെ ബിയാട്രിസ് മിയ തുടങ്ങിയവരും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.