വൈഭവ് വെടിക്കെട്ട്, 52 പന്തിൽ സെഞ്ചുറി; യുവനിരയ്ക്ക് പരമ്പര
Sunday, July 6, 2025 12:49 AM IST
വോഴ്സെസ്റ്റർ: ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ യൂത്ത് ഏകദിന പരന്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവംശി യുടെയും മൽഹോത്രയുടെയും വെടിക്കെട്ട് സെഞ്ചുറി മികവിൽ ഇന്ത്യക്ക് 55 റണ്‍സ് ജയം.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി വൈഭവ് 52 പന്തിൽ സെഞ്ചുറി തികച്ചു. 78 പന്തിൽ 143 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. വിഹാൻ മൽഹോത്ര 112 പന്തിൽ 129 റണ്‍സുമായി മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യ 50 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 363 റണ്‍സ് നേടി.
മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 308 റണ്‍സിന് പുറത്തായി. പരന്പരയിലെ ആദ്യ മത്സരത്തിൽ 19 പന്തിൽ 48 റണ്‍സടിച്ച വൈഭവ്, ഇംഗ്ലണ്ട് ഒരു വിക്കറ്റിന് ജയിച്ച രണ്ടാം മത്സരത്തിൽ 34 പന്തിൽ 45ഉം ഇന്ത്യ ജയിച്ച മൂന്നാം മത്സരത്തിൽ 31 പന്തിൽ 86 റണ്‍സും നേടിയിരുന്നു. ജയത്തോടെ അഞ്ച് മത്സര പരന്പര ഇന്ത്യ 3-1ന് സ്വന്തമാക്കി.