മെഡിക്കൽ കോളേജ് അപകടം: ഐഒസി യുകെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
Tuesday, July 8, 2025 12:06 PM IST
പീറ്റർബൊറോ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചതിൽ അനാസ്ഥ ആരോപിച്ച് ഐഒസി യുകെ കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
ദുരന്തത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബസഹായാർഥം സ്വരൂപിക്കുന്ന സഹായനിധിയുടെ ഉദ്ഘാടനവും പരിപാടിയുടെ ഭാഗമായി നടന്നു. ബിന്ദുവിന് അനുശോചനം അറിയിച്ചുകൊണ്ട് ആരംഭിച്ച പരിപാടി കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, പീറ്റർബൊറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, പരിപാടിയുടെ കോഓർഡിനേറ്ററും യൂണിറ്റ് ജനറൽ സെക്രട്ടറിയുമായ സൈമൺ ചെറിയാൻ, യൂണിറ്റ് ട്രഷറർ ജെനു എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.

വൈസ് പ്രസിഡന്റ് ബേബിക്കുട്ടി ജോർജ്, സ്കോട്ട്ലൻഡ് യൂണിറ്റ് പ്രസിഡന്റ് മിഥുൻ തുടങ്ങിയവർ ഓൺലൈനായി സംസാരിച്ചു. പ്രതിഷേധ സൂചകമായി ദീപങ്ങൾ തെളിച്ച് സംസ്ഥാന സർക്കാരിനെതിരേയും ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേയും മുദ്രാവാക്യങ്ങൾ മുഴക്കിയാണ് വനിതാ പ്രവർത്തകർ അടങ്ങുന്ന സംഘം പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.
പരിപാടിയോടാനുബന്ധിച്ച് ഐഒസി യുകെ കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേറ്റു. നേരത്തെ ഒഐസിസിയുടെ ബാനറിൽ പ്രവർത്തിച്ചിരുന്ന പീറ്റർബൊറോ യൂണിറ്റ് കഴിഞ്ഞദിവസം നടന്ന ഔദ്യോഗിക പ്രഖ്യാപനത്തോടെ ഐഒസി യൂണിറ്റായി മാറ്റപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ് അധ്യക്ഷത വഹിച്ചു.
ചുമതല ഏൽപ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക പത്രം കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഭാരവാഹികൾക്ക് കൈമാറി. കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും പീറ്റർബൊറോ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ.
യൂണിറ്റ് ജനറൽ സെക്രട്ടറി സൈമൺ ചെറിയൻ, വൈസ് പ്രസിഡന്റ് ജിജി ഡെന്നി, ട്രഷറർ ജെനു എബ്രഹാം, ജോയിന്റ് സെക്രട്ടറി സിബി അറക്കൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം, ജോബി മാത്യു, അംഗങ്ങളായ ഡെന്നി ജേക്കബ്, ആഷ്ലി സൂസൻ ഫിലിപ്പ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.