വാത്സിംഗ്ഹാം മരിയൻ തീർഥാടനവും തിരുനാളും 19ന്
അപ്പച്ചൻ കണ്ണഞ്ചിറ
Tuesday, July 8, 2025 5:23 PM IST
വാത്സിംഗ്ഹാം: വാത്സിംഗ്ഹാം മരിയൻ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ഒൻപതാമത് മരിയൻ തീർഥാടനവും തിരുനാളും ഈ മാസം 19ന് നടക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വവും മുഖ്യ കാർമികത്വവും വഹിക്കും.
തീർഥാടന തിരുനാളിൽ യൂത്ത് ആൻഡ് മൈഗ്രന്റ് കമ്മിഷൻ ഡയറക്ടറും ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷൻ ഡയറക്ടറും ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് മരിയൻ പ്രഭാഷണം നടത്തും.
സീറോമലബാർ രൂപത നേതൃത്വം നൽകുന്ന തീർഥാടനത്തിൽ ആതിഥേയത്വം വഹിക്കുന്നത് ഫാ. ജിനു മുണ്ടനാടക്കലിന്റെ അജപാലന നേതൃത്വത്തിൽ സീറോമലബാർ കേംബ്രിഡ്ജ് റീജണിലെ വിശ്വാസ സമൂഹമാണ്.
തീർഥാടനത്തിൽ പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. രാവിലെ വിവിധ മരിയൻ ശുശ്രുഷകൾ, പ്രസുദേന്തി വാഴ്ച, തുടർന്ന് മാതൃഭക്തി നിറവിൽ തീർഥാടന മരിയൻ പ്രഘോഷണ പ്രദക്ഷിണം എന്നിവ നടക്കും.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാംഗങ്ങൾ ഏവരെയും ക്ഷണിക്കുന്നതായി അറിയിച്ചു.
രജിസ്ട്രേഷൻ ലിങ്ക്: https://forms.office.com/e/5CmTvcW6p7
വിലാസം: Catholic National Shrine of Our Lady Walshingham, Houghton St.Giles Norfolk,NR22 6AL.