കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് 55-ാം വാർഷികം ആഘോഷിച്ചു
ജോസ് കുമ്പിളുവേലിൽ
Wednesday, July 9, 2025 4:08 PM IST
ഫ്രാങ്ക്ഫര്‍ട്ട്: കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് 55-ാം വാർഷികം ആഘോഷിച്ചു. സാൽബാവു ബോൺഹൈമിൽ നടന്ന പരിപാടിയിൽ ഒട്ടറെ ആളുകൾ പങ്കെടുത്തു. സമാജം സെക്രട്ടറി ഹരീഷ് പിള്ളയും വിദ്യാർഥികളായ രേഷ്മ ജോസഫ്, എൽദോസ് പോൾ ഡിപിൻ എന്നിവരും അവതാരകയായിരുന്നു.
ഇന്ത്യൻ കോൺസുൽ ജനറലിനെ പ്രതിനിധീകരിച്ച് മുഖ്യാതിഥിയായി കോൺസുൽ സത്യനാരായണൻ പാറക്കാട്ട് പങ്കെടുത്തു. കോൺസുൽ സത്യനാരായണൻ പാറക്കാട്ട്, കേരള സമാജം പ്രസിഡന്റ് ഡിപിൻ പോൾ, സെക്രട്ടറി ഹരീഷ് പിള്ള എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തിയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്.
കേരള സമാജത്തിന്റെ എല്ലാ അംഗങ്ങളെയും മുൻകാല പ്രവർത്തകരെയും അഭ്യുദയകാംക്ഷികളെയും സ്പോൺസർമാരെയും പ്രസിഡന്റ് ഡിപിൻ പോൾ പ്രത്യേകം അഭിനന്ദിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.

1970 മുതൽ 2024 വരെ ഫ്രാങ്ക്ഫർട്ട് കേരള സമാജത്തെ നയിച്ച മുൻകാല പ്രസിഡന്റുമാരെ മലയാളം സ്കൂളിലെ കുട്ടികൾ ചേർന്ന് വേദിയിലേക്ക് ആനയിച്ചത് ശ്രദ്ധേയമായി. മുൻകാല പ്രസിഡന്റുമാർക്ക് മുഖ്യാതിഥി സത്യനാരായണൻ പാറക്കാട്ട് വേദിയിൽ സമാജത്തിന്റെ ആദരവ് അറിയിച്ചുകൊണ്ട് പ്രശംസാ ഫലകം നൽകി.
മുൻ പ്രസിഡന്റുമാരെ പ്രതിനിധീകരിച്ച് മനോഹരൻ ചങ്ങനാത്ത് സംസാരിച്ചു. ഫ്രാങ്ക്ഫർട്ടിലെ മലയാളികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്പോർട്സ് സംഘടനയായ ഐഎസ്എഫ്വിയുടെ പ്രസിഡന്റ് അരുണ്‍കുമാര്‍ നായര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.
തുടർന്ന് 13 വർഷത്തോളം ഫ്രാങ്ക്ഫർട്ട് കേരള സമാജം മലയാളം സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശേഷം വിരമിക്കുന്ന അധ്യാപിക അബില മാങ്കുളത്തിന് വിദ്യാർഥികളും പൂർവ വിദ്യാർഥികളും ചേർന്ന് യാത്രയയപ്പ് നൽകി.

സ്കൂളിലെ മികച്ച പ്രവർത്തനത്തിന് അംഗീകാരമായി വിരമിക്കുന്ന അധ്യാപികയ്ക്ക് പ്രസിഡന്റും മലയാളം സ്കൂൾ ട്രഷററുമായ ഡിപിൻ പോൾ, സെക്രട്ടറിയും സ്കൂൾ രക്ഷാകർതൃ പ്രതിനിധിയുമായ ഹരീഷ് പിള്ള എന്നിവർ ചേർന്ന് ഫലകവും പ്രശംസാ പത്രവും നൽകി.
മലയാളം സ്കൂളിന്റെ കൂടുതൽ ചുമതലകൾ ഏറ്റെടുത്ത അധ്യാപകൻ ബിന്നി തോമസ് ചടങ്ങിൽ പങ്കെടുത്തു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം കേരളത്തിന്റെ തനത് നൃത്ത ശിൽപ്പവും ശാസ്ത്രീയ നൃത്തങ്ങളും അരങ്ങേറി.
തുടർന്ന് റൈൻ ബാൻഡിന്റെ ഗാനമേള വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ സദസിന് ആവേശം പകർന്നു. ദേശീയഗാനാലാപനത്തോടെ രാത്രി പത്തരയ്ക്ക് ആഘോഷങ്ങൾക്ക് തിരശീല വീണു.

പരിപാടികളുടെ വിജയത്തിനായി ഡിപിൻ പോൾ (പ്രസിഡന്റ്), ഹരീഷ് പിള്ള (സെക്രട്ടറി), രതീഷ് മേടമേൽ (ട്രഷറർ), കമ്മിറ്റിയംഗങ്ങളായ റെജീന ജയറാം, ബിന്നി തോമസ്, അജു സാം, ഷൈജു വർഗീസ് എന്നിവർ നേതൃത്വം നൽകി.