അന്നമൂട്ടുന്നവരെ ആർക്കും വേണ്ട; 10 വർഷം, ജീവനൊടുക്കിയത് 1,12,000 കർഷകർ
ജോർജ് കള്ളിവയലിൽ
Wednesday, July 9, 2025 6:11 AM IST
ന്യൂഡൽഹി: രാജ്യത്തു കർഷക ആത്മഹത്യകൾ ഇടവേളയ്ക്കുശേഷം വീണ്ടും പെരുകുന്നു. മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖലയിലെ എട്ടു ജില്ലകളിൽ മാത്രം കഴിഞ്ഞ ജനുവരി മുതൽ ജൂണ് 26 വരെ 520 കർഷക ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത 430 മരണങ്ങളിൽനിന്ന് 20 ശതമാനം കൂടുതലാണിതെന്ന് സംസ്ഥാന റവന്യു വകുപ്പിന്റെ റിപ്പോർട്ട് പറയുന്നു. എല്ലാ മൂന്നു മണിക്കൂറിലും മഹാരാഷ്ട്രയിലെ ഒരു കർഷകൻ വീതം ആത്മഹത്യ ചെയ്യുന്നു. മധ്യ മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലുള്ള ബീഡ് ജില്ലയിൽ കഴിഞ്ഞ ആറു മാസത്തിൽ 101 കർഷകർ ജീവനൊടുക്കിയതായി സർക്കാർതന്നെ പറയുന്നു.
ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ (എൻസിആർബി) 2023ലെ റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ പത്തു വർഷത്തിൽ രാജ്യത്തെ കാർഷികമേഖലയിൽ ജോലി ചെയ്യുന്ന 1,12,000 പേരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ട്. 2024, 25 വർഷങ്ങളിലെ കണക്കുകൾകൂടി പുറത്തുവരുന്നതോടെ 1,25,000 കർഷകരും കർഷകത്തൊഴിലാളികളും ഇന്ത്യയിൽ ജീവനൊടുക്കിയിട്ടുണ്ടെന്ന് കാർഷികമേഖലയിലെ വിദഗ്ധർ പറയുന്നു. 2022ൽ മാത്രം 11,290 കർഷകരും കർഷകത്തൊഴിലാളികളും ആത്മഹത്യ ചെയ്തു. പോലീസ് റിപ്പോർട്ട് ചെയ്ത മരണങ്ങൾ മാത്രമാണിത്.
2003 മുതൽ 2007 വരെ നാലു വർഷത്തിൽ കേരളത്തിൽ 979 കർഷകർ ജീവനൊടുക്കിയതായി കേരള സർക്കാരിന്റെ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് 2008ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലുണ്ട്. വയനാട്ടിലാണ് കൂടുതൽ- 317 പേർ. കണ്ണൂർ- 113, ഇടുക്കി, കാസർഗോഡ്- 106 വീതം, പാലക്കാട്- 90 എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ കർഷക ആത്മഹത്യ. മരിച്ചവരിൽ 60 ശതമാനത്തോളം പേർ 40നും 60നും ഇടയിൽ പ്രായമുള്ളവരാണെന്നും പഠനറിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷങ്ങളിലെ കാർഷികമേഖലയിലെ തകർച്ച ശരിയായി പഠനവിധേയമാക്കിയിട്ടില്ല.
രാജ്യത്ത് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യ നടന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. എൻസിആർബിയുടെ 2022ലെ കണക്കനുസരിച്ച് ജീവനൊടുക്കിയത് 4,248 പേരാണ്. എന്നാൽ, 2022 മുതൽ കഴിഞ്ഞ വർഷം വരെയുള്ള മൂന്നു വർഷത്തിൽ മറാത്ത്വാഡ മേഖലയിൽ 3,090 കർഷകരാണു ജീവനൊടുക്കിയതെന്നാണ് കഴിഞ്ഞ മാർച്ച് 28ന് രാജ്യസഭയിൽ കേന്ദ്രസർക്കാർ രേഖാമൂലം മറുപടി നൽകിയത്. ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം കർണാടക -2,392, ആന്ധ്രാപ്രദേശ് -917, തമിഴ്നാട്- 728, മധ്യപ്രദേശ്- 641 എന്നിവയാണു കാർഷിക ആത്മഹത്യകൾ കൂടുതലുള്ള മറ്റു നാല് സംസ്ഥാനങ്ങൾ.
എന്നാൽ പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിലെ കർഷക ആത്മഹത്യകളുടെ പത്തിലൊന്നുപോലും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്ന് ഫെയർ ഒബ്സർവറിലെ നീരജ കുൽക്കർണിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. യഥാർഥ എണ്ണം എൻസിആർബി പ്രസിദ്ധീകരിച്ച കണക്കിന്റെ അഞ്ചിരട്ടിയാണെന്ന് ഫെയർ ഒബ്സർവർ പറയുന്നു. മാനക്കേടാകുമെന്നതിനാൽ മിക്ക കർഷകകുടുംബങ്ങളും കടക്കെണി മൂലം ജീവനൊടുക്കിയ വിവരം മറച്ചുവയ്ക്കുന്നു. കർഷക സ്ത്രീകളുടെ ആത്മഹത്യകൾ വീട്ടമ്മയുടെ ജീവനൊടുക്കലായാണു പോലീസ് രേഖപ്പെടുത്തുക.
കാരണം കടക്കെണി
വളം, കീടനാശിനികൾ, വൈദ്യുതി തുടങ്ങിയവയുടെ വില വർധിച്ചതിനെത്തുടർന്ന് കർഷകരും കർഷക തൊഴിലാളികളും കടം വാങ്ങേണ്ടിവരുന്നതാണ് ആത്മഹത്യയുടെ പ്രധാന കാരണം. കാർഷികോത്പന്നങ്ങൾക്കു ന്യായമായ വില ലഭിക്കാത്തതും വിളവ് കുറയുന്നതും വിലക്കയറ്റവും ജീവിതച്ചെലവുകൾ ദിനംപ്രതി കൂടുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
മഴക്കുറവ്, അതിതീവ്രമഴ, മലയിടിച്ചിൽ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളിലെ കൃഷിനാശവും കർഷകരുടെ പ്രതിസന്ധി അതിതീവ്രമാക്കുന്നു. 2018ൽ രാജ്യത്തെ 50 ശതമാനത്തിലധികം കാർഷിക കുടുംബങ്ങളും കടത്തിലായിരുന്നുവെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) നടത്തിയ സർവേയിൽ പറയുന്നു.
ഇരട്ടി വരുമാനം വാഗ്ദാനം മാത്രം
കാർഷിക വരുമാനം 2015-16 സാന്പത്തികവർഷത്തേതിൽനിന്ന് 2022-23ൽ ഇരട്ടിയാക്കുമെന്നായിരുന്നു അധികാരത്തിലെത്തിയശേഷം എൻഡിഎ സർക്കാർ വാഗ്ദാനം ചെയ്തത്. എന്നാൽ കേരളം പോലുള്ള സംസ്ഥാനങ്ങളിലെ കർഷകരിൽ ഭൂരിപക്ഷത്തിനും വരുമാനത്തിൽ വൻ ഇടിവുണ്ടായി.
പിന്നീട് പലതവണ ഇതേ വാഗ്ദാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചെങ്കിലും കാർഷികമേഖലയിലെ പ്രതിസന്ധിക്കു പരിഹാരമില്ല.