വിംബിള്‍ഡണ്‍ വിതുന്പി
Wednesday, July 9, 2025 1:36 AM IST
ലണ്ടന്‍: അട്ടിമറിയുടെ വക്കില്‍വച്ച്, പരിക്ക് വില്ലനായപ്പോള്‍ വിംബിള്‍ഡണ്‍ ടെന്നീസിന്റെ സെന്റര്‍ കോര്‍ട്ടില്‍ കണ്ണീര്‍വീണു. കോര്‍ട്ടില്‍ ഉയര്ന്നുപറന്നപ്പോള് ചിറകറ്റു വീണ താരത്തെ കണ്ട് ടെന്നീസ് ലോകം വിതുന്പി. വിംബിള്‍ഡണ്‍ ടെന്നീസിന്റെ പുരുഷ സിംഗിള്‍സ് പ്രീക്വാര്‍ട്ടറിലാണ് സങ്കടകരമായ ഈ കാഴ്ച.
ലോക ഒന്നാം നമ്പര്‍ താരം ഇറ്റലിയുടെ യാനിക് സിന്നറിനെ അട്ടിമറിക്കുമെന്നു തോന്നിപ്പിച്ചിടത്തുവച്ച് ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവ് പരിക്കേറ്റു മടങ്ങി. സെന്റര്‍ കോര്‍ട്ടില്‍ അതുവരെ യാനിക് സിന്നറിനെ കാഴ്ചക്കാരനാക്കി സൂപ്പര്‍ പോരാട്ടം കാഴ്ചവച്ച ദിമിത്രോവിനെ ഗാലറി ഒന്നടങ്കം എഴുന്നേറ്റുനിന്ന് കൈയടിച്ച് യാത്രയാക്കി. ടൗവ്വല്‍കൊണ്ട് മുഖം തുടച്ച്, നിറഞ്ഞ കണ്ണുകളെ ഒളിപ്പിച്ച്, പരിക്കേറ്റ വലതുകരം അനക്കാനാകാതെ 34കാരനായ ദിമിത്രോവ് മടങ്ങി. 6-3, 7-5, 2-2 എന്ന നിലയില്‍ അട്ടിമറിയിലേക്കുള്ള കരുത്തുറ്റ യാത്രയ്ക്കിടെയാണ് ബള്‍ഗേറിയന്‍ താരം പരിക്കേറ്റു വീണത്.

ലോക ഒന്നാം നമ്പറായ സിന്നറിനെ നിഷ്പ്രഭമാക്കുന്നതായിരുന്നു 19-ാം സീഡുകാരനായ ദിമിത്രോവിന്റെ പ്രകടനം. ഡ്രോപ്പും എയ്സും ബാക്ക് ഹാന്‍ഡും ഫോര്‍ഹാന്‍ഡും എല്ലാമായി ദിമിത്രോവ് കളംവാണു. ആദ്യ ഗെയിം പോയിന്റ് മുതല്‍ സിന്നറിനെ കാഴ്ചക്കാരനാക്കി മുന്നേറിയ ദിമിത്രോവ് 6-3, 7-5ന് രണ്ടു സെറ്റ് സ്വന്തമാക്കി.
2025 വിംബിള്‍ഡണിലെ ഏറ്റവും വലിയ അട്ടിമറിയിലേക്ക് ദിമിത്രോവിനു വേണ്ടിയിരുന്നത് ഒരു സെറ്റ് ജയം മാത്രം. അതോടെ നിര്‍ണായകമായ മൂന്നാം സെറ്റ്. ആദ്യം 1-0നും തുടര്‍ന്ന് 2-1നും പിന്നില്‍. ഒരു എയ്സിലൂടെ 2-2ന് ഒപ്പമെത്തിയതോടെ വലതുകൈയോടു ചേര്‍ന്നുള്ള നെഞ്ചിലെ മസിലില്‍ പിടിച്ചുകൊണ്ട് ദിമിത്രോവ് കോര്‍ട്ടില്‍ വേദനസഹിക്കാനാവാതെ ഇരുന്നു.
സിന്നര്‍ എത്തി കാര്യങ്ങള്‍ തിരക്കി. ഒടുവില്‍ മത്സരത്തില്‍നിന്നു പിന്മാറുന്നതായി അറിയിച്ച് ദിമിത്രോവ് കാണികളെ തന്റെ ഇടതുകരമുയര്ത്തി വീശി. ഇടതുകൈയുടെ സഹായത്താല്‍ വലംകൈ ഉയര്‍ത്തിയായിരുന്നു മാച്ച് റഫറിക്കു താരം ഹസ്തദാനം നല്‍കിയത്. അതോടെ തോല്‍വിയുടെ വക്കില്‍നിന്ന് യാനിക് സിന്നറിനു ക്വാര്‍ട്ടറിലേക്കു വാക്കോവര്‍.
സിന്നറിന് എംആര്‍ഐ
2025 സീസണ് വിംബിള്‍ഡണില്‍ ഒരു സര്‍വീസ് ഗെയിമും സെറ്റും സിന്നര്‍ തോറ്റത് ദിമിത്രോവിനു മുന്നിലാണെന്നതും ശ്രദ്ധേയം. മത്സരത്തിനിടെ അപ്രതീക്ഷിതമായി കൈമുട്ടുകുത്തി വീണ സിന്നര്‍ പിന്നീട് എംആര്‍ഐക്കു വിധേയനായി. താരത്തിനു ഗൗരവമുള്ള പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
ദിമിത്രോവിന്റെ പരിക്ക്
നെഞ്ചിന്റെ ഭാഗത്തുള്ള പെക്റ്റോറലിസ് മസിലിനാണ് വലംകൈയനായ ദിമിത്രോവിനു പരിക്കേറ്റത്. അതിശക്തമായ ഒരു എയ്സ് ഷോട്ടിലൂടെ പോയിന്റ് നേടിയതിനു പിന്നാലെയായിരുന്നു പരിക്ക്. ബള്‍ഗേറിയന്‍ താരത്തിന്റെ വലതു ഭാഗത്തെ പെക്റ്റോറലിസ് മസിലിനാണ് പരിക്ക്. വലതുകരം സപ്പോര്‍ട്ടില്ലാതെ ഉയര്‍ത്താനാകാതെയാണ് താരം കളംവിട്ടത്.
ഇഗ ക്വാര്‍ട്ടറില്‍
ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പറായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഡെന്മാര്ക്കിന്റെ ക്ലാര ടൗസനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് ഇഗയുടെ ക്വാര്‍ട്ടര്‍ പ്രവേശം. സ്കോര്‍: 6-4, 6-1. നാലാം സീഡായ റഷ്യയുടെ മിറ ആന്‍ഡ്രീവയും ക്വാര്‍ട്ടറില്‍ ഇടംനേടി. പുരുഷ സിംഗിള്‍സില്‍ അമേരിക്കയുടെ 10-ാം സീഡ് ബെന്‍ ഷെല്‍ട്ടണും അവസാന എട്ടിലെത്തിയിട്ടുണ്ട്.