പരിശ്രമങ്ങൾ പാഴായി; നിമിഷപ്രിയയുടെ വധശിക്ഷ 16ന്
Wednesday, July 9, 2025 5:50 AM IST
സനാ: യെമൻ പൗരൻ തലാൽ അബു മഹ്ദി കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം16നു നടപ്പാക്കും. ഇതു സംബന്ധിച്ച ഉത്തരവിൽ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഒപ്പുവച്ചു. സനാ ജയിൽ അധികൃതർക്ക് ഉത്തരവ് കൈമാറി. വധശിക്ഷ നടപ്പാക്കുമെന്ന റിപ്പോർട്ട് ഇന്ത്യൻ എംബസിയും സ്ഥിരീകരിച്ചിട്ടുണ്ട്.
പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയാണു നിമിഷപ്രിയ. തൊടുപുഴ സ്വദേശി ടോമിയാണ് ഭർത്താവ്. 2012ലാണ് നിമിഷപ്രിയ യെമനിൽ നഴ്സായി ജോലിക്കു പോയത്. 2015ൽ സനായിൽ തലാലിന്റെ സ്പോണ്സർഷിപ്പിൽ നിമിഷപ്രിയ ക്ലിനിക് ആരംഭിച്ചിരുന്നു.
സഹപ്രവർത്തകയുമായി ചേർന്ന് തലാലിനെ വധിച്ചെന്ന കേസിൽ 2017 ജൂലൈയിലാണ് നിമിഷപ്രിയ അറസ്റ്റിലായത്. 2018ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകൾ വിവിധ കോടതികൾ തള്ളി. നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പലപ്രാവശ്യം നടന്നെങ്കിലും ഫലം കണ്ടിരുന്നില്ല. തലാലിന്റെ കുടുംബത്തെ ഇന്നു കാണുമെന്നും കുടുംബം മാപ്പുനല്കുക മാത്രമാണ് വധശിക്ഷ ഒഴിവാക്കാനുള്ള ഏക വഴിയെന്നും സാമൂഹികപ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു.