ആർച്ച്ബിഷപ് ഡോ. റാഫി മഞ്ഞളിക്ക് വത്തിക്കാനിൽ പദവി
Thursday, July 17, 2025 10:40 AM IST
വത്തിക്കാൻ സിറ്റി: മലയാളിയും ആഗ്ര അതിരൂപത ആർച്ച്ബിഷപ്പുമായ ഡോ. റാഫി മഞ്ഞളിയെ ലെയോ പതിനാലാമൻ മാർപാപ്പ വത്തിക്കാനിലെ മതാന്തര സംവാദത്തിനുള്ള കാര്യാലയത്തിന്റെ അംഗമായി നിയമിച്ചു. അഞ്ചു വർഷത്തേക്കാണു നിയമനം.
തൃശൂർ അതിരൂപതയിലെ വെണ്ടോർ ഇടവകാംഗമായ മഞ്ഞളി എം.വി. ചാക്കോയുടെയും കത്രീനയുടെയും മകനാണ് ഡോ. റാഫി മഞ്ഞളി.1983 മേയ് 11നു തൃശൂർ ബിഷപ് മാർ ജോസഫ് കുണ്ടുകുളത്തിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു.
2007 ഫെബ്രുവരി 24നു ബെനഡിക്ട് പതിനാറാമൻ മാർപാപ്പ വാരാണസി ബിഷപ്പായി നിയമിച്ചു. 2013 ഒക്ടോബർ 17നു ഫ്രാൻസിസ് മാർപാപ്പ ഇദ്ദേഹത്തെ അലഹാബാദ് ബിഷപ്പായും 2020 നവംബർ 12 ന് ആഗ്ര ആർച്ച്ബിഷപ്പായും നിയമിച്ചു.