പോളണ്ടിൽ ഹിറ്റായ ‘മലയാളി’ ബ്രാൻഡ് കേരളത്തിലേക്ക്
Wednesday, July 23, 2025 10:03 AM IST
കൊച്ചി: “പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന്” പറഞ്ഞതു പഴങ്കഥ! ആ രാജ്യത്തു മലയാളി എന്ന പേരിൽ ഒരു ബ്രാൻഡിനു മേൽവിലാസമുണ്ടാക്കി ചുരുങ്ങിയ കാലംകൊണ്ടു പല രാജ്യക്കാരെയും അതിശയിപ്പിച്ച രണ്ടു മലയാളി യുവാക്കൾക്ക് പോളണ്ടിനെക്കുറിച്ച് മലയാളത്തിൽ തെല്ലു വാചാലരാകാതെ പറ്റില്ല.
ബിബിസി വേൾഡിലും സമൂഹമാധ്യമങ്ങളിലും ഹിറ്റായ ‘മലയാളി’ ബ്രാൻഡ് ഇനി മലയാളികളുടെ നാട്ടിലേക്ക് എത്തുന്നതുതന്നെ കാരണം. പാലക്കാട് സ്വദേശികളായ ചന്ദ്രമോഹൻ നല്ലൂരും സർഗേവ് സുകുമാരനും ചേർന്നു പോളണ്ടിൽ തുടങ്ങിയ ‘മലയാളി’ എന്ന ബ്രാൻഡിലുള്ള മദ്യരഹിത പാനീയങ്ങൾ 17 രാജ്യങ്ങളിൽ സാന്നിധ്യമുറപ്പിച്ചാണ് മലയാളനാട്ടിലേക്കെത്തുന്നത്. യൂറോപ്പിലും മിഡിൽ ഈസ്റ്റിലും ഇത് തീൻമേശയിലെ ഇഷ്ടപാനീയമാണ്.
ബാഴ്സലോണയിലെ എസ് ഇആർപി സ്കൂൾ ഓഫ് ബിസിനസിൽനിന്ന് മാർക്കറ്റിംഗ് മാനേജ്മെന്റിൽ പിജി ബിരുദധാരിയാണ് ചന്ദ്രമോഹൻ. സർഗേവ് ഡൽഹി ഐഐടിയിൽനിന്ന് ഇൻഡസ്ട്രിയൽ ആൻഡ് പ്രോഡക്ട് ഡിസൈനിംഗിൽ മാസ്റ്റേഴ്സ് ബിരുദം നേടി. വ്യത്യസ്ത കരിയർ സാധ്യതകൾ തേടി പോളണ്ടിലെത്തിയശേഷമാണ് ഇരുവരും പരിചയപ്പെടുന്നതും 2002ൽ ‘മലയാളി’ ബ്രാൻഡ് രൂപപ്പെടുത്തുന്നതും.
ഇന്ത്യ-പോളിഷ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയൽ (ഐപിസിസിഐ) ബിസിനസ് റിലേഷൻസ് വൈസ് പ്രസിഡന്റായിരുന്നു ചന്ദ്രമോഹൻ. സാംസംഗ് ഡിസൈനർ, സ്വാപ്പ് സഹസ്ഥാപകൻ, നിരവധി ഇക്കോ സ്റ്റാർട്ടപ്പുകളുടെയും സുസ്ഥിര സ്റ്റാർട്ടപ്പുകളുടെയും ഉപദേഷ്ടാവ് എന്നീ നിലകളിൽ സർഗേവ് സേവനം ചെയ്തിട്ടുണ്ട്.
ഒരു മലയാളി പാലക്കാടൻ മട്ട അരി ഉപയോഗിച്ചു യുകെയിൽ വിവിധതരം പാനീയങ്ങൾ ഉത്പാദിപ്പിക്കുന്നതായി കേട്ടറിഞ്ഞതാണ് പോളണ്ടിലെ ഈ രംഗത്തെ പരീക്ഷണത്തിലേക്ക് ഇരുവരെയും നയിച്ചത്. പ്രത്യേകയിനം അവിൽ അടിസ്ഥാനമാക്കിയുള്ള സ്വാദിഷ്ടമായ പാനീയം വിപണിയിലെത്തിയശേഷം വേഗത്തിലായിരുന്നു വിവിധ രാജ്യങ്ങളിൽ പ്രിയപ്പെട്ടതായത്.
പോളണ്ട്, ലിത്വാനിയ, ലാത്വിയ, എസ്തോണിയ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ അഞ്ചു രാജ്യങ്ങളിലെ ഒന്പതു ഫാക്ടറികളിൽ കരാറടിസ്ഥാനത്തിലാണ് ഉത്പാദനം. കേരളത്തിലേക്ക് എത്തുന്നതും അവിടെനിന്നുതന്നെ.
ലോകത്തിലെവിടെയായാലും തങ്ങളുടെ നേട്ടങ്ങളിൽ ജന്മനാടിനെ അഭിമാനത്തോടെ ഉയർത്തിപ്പിടിക്കുകയെന്നതാണു മലയാളി എന്ന ബ്രാൻഡിംഗിലൂടെ ലക്ഷ്യമാക്കിയതെന്ന് ചന്ദ്രമോഹനും സർഗേവും പറഞ്ഞു.