ഇല്ലാത്ത രാജ്യങ്ങളുടെ പേരിൽ എംബസി! ; "നയതന്ത്രജ്ഞൻ' പിടിയിൽ
Thursday, July 24, 2025 2:09 AM IST
നോയിഡ (യുപി): ഇല്ലാത്ത രാജ്യത്തിന്റെ പേരിൽ എംബസി തുറന്ന് തട്ടിപ്പും വഞ്ചനയും നടത്തിയയാൾ പിടിയിൽ. സാങ്കല്പിക രാജ്യങ്ങളുടെ പേരിലുള്ള എംബസിയിൽ നയതന്ത്രജ്ഞനെന്നു സ്വയം വിശേഷിപ്പിച്ച് സസുഖം വാഴുകയായിരുന്ന വിരുതനെ യുപി പ്രത്യേക ദൗത്യസംഘമാണു വലയിലാക്കിയത്.
വെസ്റ്റ് ആർട്ടിക്ക എന്ന രാജ്യത്തിന്റെ പ്രതിനിധി ചമഞ്ഞു ഗാസിയാബാദിലെ ആഡംബരഭവനത്തിൽ കഴിഞ്ഞിരുന്ന ഹർഷവർധൻ ജെയിൻ എന്നയാളാണു പിടിയിലായത്. ഗാസിയാബാദിലെ കാവിനഗർ സ്വദേശിയായ ജയിൻ തൊട്ടടുത്തുതന്നെയുള്ള ആഡംബര വീട് വാടകയ്ക്കെടുത്താണ് ഉന്നതതല തട്ടിപ്പ് നടത്തിയത്.
വെസ്റ്റ് ആർട്ടിക്കയ്ക്കു പുറമേ സബോർഗ, പോൾവിയ, ലോഡോനിയ തുടങ്ങിയ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധവും ഇതുവഴി നിർവഹിക്കുമെന്നായിരുന്നു അവകാശവാദം. വിദേശ ഇടപാടുകൾക്കുള്ള ബ്രോക്കർ ഫീസ് മുതൽ ഷെൽ കന്പനികൾ ഉപയോഗിച്ച് വിദേശത്തുനിന്നും ഹവാല പണം കൊണ്ടുവരുന്നതുവരെയുള്ള തട്ടിപ്പുകളാണ് "എംബസി'യിലൂടെ നടന്നിരുന്നത്.
മൈക്രോനേഷനുകള്‍ എന്നു വിളിക്കപ്പെടുന്ന ഇവയുടെ അംബാസഡറായി സ്വയം പരിചയപ്പെടുത്തി വ്യാജ നയതന്ത്ര നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ച കാറുകള്‍ ഹർഷവർധൻ ഉപയോഗിക്കുകയായിരുന്നുവെന്ന് യുപി പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. അഭിനവ എംബസി വളപ്പിലുണ്ടായിരുന്ന നാല് വാഹനങ്ങൾ അധികൃതര്‍ പിടിച്ചെടുത്തു. 44,70,000 രൂപയും ഒന്നിലധികം രാജ്യങ്ങളുടെ വിദേശ കറന്‍സിയും ഇതോടൊപ്പം കണ്ടെത്തിയിട്ടുണ്ട്.
സാങ്കല്പിക രാജ്യങ്ങളുടെ പേരില്‍ നല്‍കിയതായി കരുതപ്പെടുന്ന 12 വ്യാജ നയതന്ത്ര പാസ്പോര്‍ട്ടുകളും പിടിച്ചെടുത്തവയിൽപ്പെടുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ വ്യാജ സീലുകള്‍ പതിച്ച വ്യാജ രേഖകള്‍, രണ്ട് വ്യാജ പാന്‍ കാര്‍ഡുകള്‍, വിവിധ രാജ്യങ്ങളില്‍നിന്നും കമ്പനികളില്‍നിന്നുമുള്ള 34 വ്യാജ മുദ്രകള്‍, രണ്ട് വ്യാജ പ്രസ് കാര്‍ഡുകള്‍, ഇരകളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള കമ്പനി രേഖകള്‍ എന്നിവയും റെയ്ഡില്‍ കണ്ടെടുത്തു.
വ്യാജ നയതന്ത്ര നന്പർ പ്ലേറ്റുകൾ ഉപയോഗിച്ച് ആഡംബര വാഹനങ്ങളിലാണു ഹർഷവർധൻ യാത്ര ചെയ്തിരുന്നത്. പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയവർക്കൊപ്പം നിൽക്കുന്ന മോർഫ് ചെയ്ത ഫോട്ടോകൾ ഉപയോഗിച്ചു വിശ്വാസ്യത തേടിയാണ് ആളുകളെ വലയിലാക്കിയത്.