10 ലക്ഷത്തിന്റെ കാഷ്ലെസ് ഇൻഷുറൻസുമായി പഞ്ചാബ്
Wednesday, July 23, 2025 3:03 AM IST
ചണ്ഡീഗഢ്: പഞ്ചാബിലെ മുഴുവൻ ജനങ്ങളെയും ഉൾപ്പെടുത്തിയുള്ള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പത്തുലക്ഷം രൂപയാക്കി വർധിപ്പിച്ച് പഞ്ചാബ് സർക്കാർ.
മുഖ്യമന്ത്രി സേഹത് ഭീമായോജന പദ്ധതി പ്രകാരം ഓരോ കുടുംബത്തിനും പ്രതിവർഷം 10 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. മുഖ്യമന്ത്രി ഭഗവന്ത് മന്നും ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കെജരിവാളുമാണ് ഈ പ്രഖ്യാപനം നടത്തിയത്.
സംസ്ഥാനത്തെ മൂന്നു കോടി ജനങ്ങൾക്കും ഈ പദ്ധതിയിലൂടെ സൗജന്യ ചികിത്സ ലഭിക്കും എന്നാണ് മുഖ്യമന്ത്രി ഉറപ്പ് നൽകിയത്. ഒക്ടോബർ രണ്ടോടെ പദ്ധതി പ്രാബല്യത്തിൽവരും.
പഞ്ചാബിലെ 65 ലക്ഷത്തോളം കുടുംബങ്ങളാണ് പത്തുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഗുണഭോക്താക്കളാകുക. പദ്ധതിയിൽ അംഗമായവർക്ക് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും എംപാനൽഡ് സ്വകാര്യ ആശുപത്രികളിലും പ്രതിവർഷം പത്തുലക്ഷം രൂപ വരെയുള്ള കാഷ്ലെസ് ചികിത്സ ഉറപ്പുനൽകുന്നതാണ് പദ്ധതി.
ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ 10 ലക്ഷം രൂപയാക്കി ഉയർത്തുമെന്ന് നേരത്തേ ബജറ്റിൽ ആം ആദ്മി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 778 കോടി രൂപ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്.