പ്രസിഡൻഷ്യൽ റഫറൻസിൽ വിശദവാദം കേൾക്കും
Wednesday, July 23, 2025 3:03 AM IST
ന്യൂഡൽഹി: സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിക്കാൻ സാധിക്കുമോയെന്ന പ്രസിഡൻഷ്യൽ റഫറൻസിൽ (രാഷ്ട്രപതി മുന്നോട്ടുവച്ച ചോദ്യം) വിശദമായ വാദം കേൾക്കാൻ സുപ്രീംകോടതി ഭരണഘടനാബെഞ്ച് തീരുമാനിച്ചു. ഇതുസംബന്ധിച്ച പ്രതികരണം തേടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഭരണഘടനാബെഞ്ച് നോട്ടീസ് അയച്ചു.
കേസിൽ കോടതിയെ സഹായിക്കാൻ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയെ കോടതി നിയമിച്ചു. വിശദമായ വാദം ഓഗസ്റ്റ് പകുതിയോടെ ആരംഭിക്കുമെന്ന് കോടതി വ്യക്തമാക്കി. അതിനുമുന്പായുള്ള സ്വാ ഭാവിക നടപടിക്രമങ്ങൾ ഈ മാസം 29ന് ആരംഭിക്കുമെന്നും ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനും ജസ്റ്റീസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, പി.എസ്. നരസിംഹ,അതുൽ എസ്. ചന്ദൂർക്കർ എന്നിവർ അംഗങ്ങളുമായ ഭരണഘടനാബെഞ്ച് വ്യക്തമാക്കി.
ഭരണഘടനാബെഞ്ചിനു മുന്നിൽ വിഷയം എത്തിയപ്പോൾ കേരളവും തമിഴ്നാടും പ്രസിഡൻഷ്യൽ റഫറൻസിനെ എതിർത്തു.
തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുമായി ബന്ധപ്പെട്ട കേസിൽ നിയമസഭ പാസാക്കിയ ബില്ലിൽ തീരുമാനമെടുക്കുന്നതിന് സുപ്രീംകോടതി ഇതിനോടകം ഉത്തരവിറക്കിയതിനാൽ പ്രസിഡൻഷ്യൽ റഫറൻസ് നിലനിൽക്കില്ലെന്നാണു കേരളത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ പറഞ്ഞത്.
എന്നാൽ വിഷയത്തിൽ വിശദമായ വാദംപോലും ആരംഭിക്കാത്ത സാഹചര്യത്തിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും ഈ ആവശ്യം നിലനിൽക്കില്ലെന്നു കേന്ദ്രസർക്കാർ ഭരണഘടനാബെഞ്ചിനു മുന്നിൽ വ്യക്തമാക്കി.
സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകളിന്മേൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിക്കുന്ന ഏപ്രിൽ എട്ടിലെ സുപ്രീംകോടതി വിധി വന്നതിനുശേഷമാണ് നിയമസഭ പാസാക്കിയ ബില്ലിൽ തീരുമാനമെടുക്കാനുള്ള അധികാരം നിർവചിക്കുന്ന 14 ചോദ്യങ്ങൾ രാഷ്ട്രപതി (പ്രസിഡൻഷ്യൽ റഫറൻസ്) മുന്നോട്ടുവച്ചത്.