ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ; പാർലമെന്റിന്റെ ആദ്യദിനം സ്തംഭിച്ചു
Tuesday, July 22, 2025 3:49 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ എന്നിവ ചർച്ച ചെയ്യണമെന്നും വസ്തുതകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ വർഷകാല സമ്മേളനത്തിന്റെ ആദ്യദിനം ലോക്സഭയും രാജ്യസഭയും സ്തംഭിച്ചു.
രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ പ്രസംഗിക്കാൻ അനുവദിച്ചെങ്കിലും ലോക്സഭയിൽ പലതവണ ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കു സംസാരിക്കാൻ അനുമതി നൽകിയില്ല. ഇതിനിടെ, ഇന്നലെ രാവിലെ ലോക്സഭ സമ്മേളിച്ചപ്പോൾ സഭയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പെട്ടെന്ന് ഇറങ്ങിപ്പോയതും പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. രാജ്യത്തോട് ഉത്തരങ്ങൾ പറയാൻ പ്രധാനമന്ത്രി കടപ്പെട്ടവനാണെന്ന് പ്രതിപക്ഷം പറഞ്ഞു.
സാധാരണ നടപടികൾ നിർത്തിവച്ച് പഹൽഗാം, ഓപ്പറേഷൻ സിന്ദൂർ ചർച്ചകൾ നടത്തണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസുകൾക്ക് ഇരുസഭകളിലും അധ്യക്ഷന്മാർ അനുമതി നിഷേധിച്ചു. ലോക്സഭയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനും പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവിനും സംസാരിക്കാൻ അനുമതി നൽകിയിട്ടും രാഹുൽ ഗാന്ധിക്ക് അവസരം നിഷേധിക്കുകയായിരുന്നു.
ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെ ലോക്സഭ മൂന്നു തവണ നിർത്തിവച്ചെങ്കിലും വീണ്ടും ചേർന്നപ്പോഴും സമവായമില്ലാതിരുന്നതിനെത്തുടർന്ന് വൈകുന്നേരം നാലിന് ചേർന്നയുടൻ ഇന്നു രാവിലെ ചേരുന്നതുവരെ പിരിയുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
പഹൽഗാം ഭീകരാക്രമണം, ബിഹാറിലെ വോട്ടർപട്ടിക പുതുക്കൽ (സ്പെഷൽ ഇന്റൻസീവ് റിവിഷൻ- എസ്ഐആർ), അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാനാപകടം എന്നിവയുൾപ്പെടെ നിരവധി പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ബഹളം വച്ചത്.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്നതടക്കം യു എസ് പ്രസിഡന്റ് ട്രംപിന്റെ അവകാശവാദങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും വിശദീകരണം നൽകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ചർച്ചയ്ക്കു തയാറാണെന്ന് ലോക്സഭയിൽ സ്പീക്കർ ഓം ബിർളയും മന്ത്രിമാരായ രാജ്നാഥ്, റിജിജു എന്നിവരും രാജ്യസഭയിൽ ചെയർമാൻ ജഗ്ദീപ് ധൻകറും സഭാനേതാവും മന്ത്രിയുമായ ജെ.പി. നഡ്ഡയും ആവർത്തിച്ചുപറഞ്ഞെങ്കിലും എപ്പോൾ, എങ്ങനെയെന്ന പ്രതിപക്ഷ ചോദ്യത്തിനു മറുപടിയുണ്ടായില്ല.