മഹാരാഷ്ട്ര കൃഷിമന്ത്രി നിയമസഭയിൽ റമ്മി കളിച്ചെന്ന് ആരോപണം
Monday, July 21, 2025 1:40 AM IST
നാഗ്പുർ/മുംബൈ: എൻസിപി നേതാവും മഹാരാഷ്ട്രയിലെ കൃഷിമന്ത്രിയുമായ മണിക് റാവു കോക്കാട്ടെ നിയമസഭയിൽ വച്ച് സ്വന്തം മൊബൈൽ ഫോണിൽ റമ്മി കളിക്കുന്നുവെന്ന തരത്തിലുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.
നിയമസഭാ സമ്മേളനം നടക്കുന്പോൾ ഇത് ചെയ്തത് കർഷകരോടുള്ള ദയാരഹിതമായ സമീപനമാണ് വെളിവാക്കുന്നതെന്നു പ്രതിപക്ഷം ആരോപിച്ചു. സംഭവം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി.
ഫോണിൽ ഡൗൺലോഡ് ആയ ഗെയിം സ്കിപ്പ് ചെയ്യാനാണു ശ്രമിച്ചതെന്നും, എന്നാൽ ഗെയിം പത്ത് സെക്കൻഡുകളോളം സ്ക്രീനിൽ തെളിഞ്ഞുനിൽക്കുകയായിരുന്നു എന്നുമാണു മന്ത്രി പറയുന്നത്. അടുത്തിടെ സമാപിച്ച അധോസഭയുടെ മഴക്കാലസമ്മേളനത്തിൽ നടന്ന കാര്യങ്ങൾ ഒാർത്തെടുക്കുന്നതിനായി അതിന്റെ വീഡിയോ യൂട്യൂബിൽ തെരയുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻസിപി (ശരത്ചന്ദ്ര പവാർ) എംഎൽഎ റോഹിത് പവാറാണ് വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തത്. ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിൽ ഭരണത്തിലുള്ള എൻസിപി വിഭാഗത്തിന് ബിജെപിയുടെ അനുമതിയില്ലാതെ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. ഇതു മൂലമാണ്, സംസ്ഥാനത്ത് കാർഷിക പ്രശ്നങ്ങൾ ഏറെയുള്ളപ്പോഴും പണിയില്ലാതെ കൃഷിമന്ത്രി റമ്മി കളിക്കുന്നത്- റോഹിത് പവാർ ആരോപിച്ചു.