ധർമസ്ഥല: അന്വേഷിക്കാൻ പ്രത്യേക സംഘം
Monday, July 21, 2025 1:40 AM IST
മംഗളുരു: ധർമസ്ഥലയിൽ ലൈംഗികാതിക്രമത്തിനിരയായി കൊല്ലപ്പെട്ട യുവതികളുടെയും വിദ്യാർഥിനികളുടെയും മൃതദേഹങ്ങൾ സംസ്കരിക്കാൻ നിർബന്ധിതനായിട്ടുണ്ടെന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.
സംസ്ഥാനത്തെ ആഭ്യന്തരസുരക്ഷയുടെ ചുമതലയുള്ള ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലാണ് അന്വേഷണസംഘം രൂപവത്കരിച്ചത്. ഐപിഎസ് ഉദ്യോഗസ്ഥരായ എം.എൻ. അനുചേത്, സൗമ്യലത, ജിതേന്ദ്രകുമാർ ദയാമ എന്നിവരും സംഘത്തിലുണ്ട്. നിലവിലുള്ള കേസുകളുമായി ബന്ധപ്പെട്ട ഫയലുകളിൽ വരുംദിവസങ്ങളിൽത്തന്നെ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറുമെന്നു ദക്ഷിണകന്നഡ ജില്ലാ പോലീസ് മേധാവി കെ. അരുൺ അറിയിച്ചു.
മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുകളും 22 വർഷം മുമ്പ് ധർമസ്ഥലയിൽവച്ച് ഒരു മെഡിക്കൽ വിദ്യാർഥിനിയെ കാണാതായതുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അമ്മ നല്കിയ പരാതിയും അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കണമെന്നു കഴിഞ്ഞദിവസം സംസ്ഥാന വനിതാ കമ്മീഷൻ സർക്കാരിനോട് ശിപാർശ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് തുടർന്നുണ്ടാകുന്ന എല്ലാ കേസുകളും ഇതേ സംഘത്തിനു കൈമാറുമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കി.
ധർമസ്ഥല പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും പോലീസിനു നല്കിയ രഹസ്യമൊഴിയിലെ വിവരങ്ങൾ പോലും പുറത്തായതായും ചൂണ്ടിക്കാട്ടി വെളിപ്പെടുത്തലുകൾ നടത്തിയ ആളിന്റെ അഭിഭാഷകർ നേരത്തേ സംസ്ഥാന സർക്കാരിനും സുപ്രീംകോടതിക്കും ഹൈക്കോടതിക്കും പരാതി നല്കിയിരുന്നു.