പോലീസിനുനേരേ കയർത്തതിന് എൻസിപി എംഎൽഎയ്ക്കെതിരേ കേസ്
Monday, July 21, 2025 1:40 AM IST
മുംബൈ: പോലീസ് സ്റ്റേഷനിലെത്തി എസ്ഐയോടു കയർക്കുകയും ജോലി തടസപ്പെടുത്താൻ ശ്രമിച്ചതിനും എൻസിപി എംഎൽഎക്കെതിരേ മുംബൈ പോലീസ് കേസെടുത്തു.
എൻസിപി തലവൻ ശരദ് പവാറിന്റെ സഹോദരന്റെ കൊച്ചുമകനായ രോഹിത് പവാറിനെതിരേയാണ് മുംബൈയിലെ ആസാദ് മൈതാൻ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മറ്റൊരു എൻസിപി എംഎൽഎയായ ജിതേന്ദ്ര അവാദിനൊപ്പമാണ് രോഹിത് സ്റ്റേഷനിലെത്തിയത്.
മഹാരാഷ്ട്ര നിയമസഭാ മന്ദിരത്തിനു മുന്പിൽ ജിതേന്ദ്ര അവാദിന്റെയും ബിജെപി എംഎൽഎയായ ഗോപിചന്ദ് പദാൽകറിന്റെയും അനുയായികൾ തമ്മിൽ കൊന്പുകോർക്കുകയും ഇരു പാർട്ടികളുടെയും പ്രവർത്തകരെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തിയ രോഹിത് പവാർ, എസ്ഐയോടു കയർക്കുകയായിരുന്നുവെന്നാണ് കേസ്.