‘ഡോൺ’ സംവിധായകൻ ചന്ദ്ര ബാരറ്റ് അന്തരിച്ചു
Monday, July 21, 2025 1:40 AM IST
മുംബൈ: 1978ൽ പുറത്തിറങ്ങിയ ബോളിവുഡ് സൂപ്പർഹിറ്റ് ചിത്രം ‘ഡോണി’ന്റെ സംവിധായകൻ ചന്ദ്ര ബാരറ്റ് (86)അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ഇന്നലെ രാവിലെ 6.30നായിരുന്നു അന്ത്യം. ശ്വാസകോശരോഗത്തിന് മുംബൈ ഗുരുനാനാക് ആശുപത്രിയിൽ 11 വർഷത്തിലേറെയായി ചികിത്സയിലായിരുന്നു.
പ്രമുഖ സംവിധായകൻ മനോജ് കുമാറിനൊപ്പം സഹ സംവിധായകനായി വെള്ളിത്തിരയിലെത്തിയ ബാരറ്റ് 1989ൽ ആശ്രിത എന്ന ബംഗാളി ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. അമിതാഭ് ബച്ചൻ ഇരട്ടനായകവേഷത്തിലെത്തി, സീനത് അമൻ, പ്രാൺ എന്നിവർ വേഷമിട്ട, സലിം ജാവേദ് തിരക്കഥയെഴുതി നരിമാൻ ഇറാനി നിർമിച്ച ബിഗ് ബജറ്റ് ചിത്രം ‘ഡോൺ’ ബോളിവുഡ് കളക്ഷൻ റിക്കാർഡുകൾ തിരുത്തിക്കുറിച്ചു.
ഡോൺ കോ പകട്നാ നാ മുഷ്കിൽ ഹീ നഹീ നാമുൻകിൻ ഹേ (ഡോണിനെ പിടികൂടുന്നത് ശ്രമകരമെന്നല്ല, കഴിയില്ല) എന്ന പ്രശസ്തമായ ഡയലോഗും പിന്നണിസംഗീതവും ആക്ഷൻ രംഗങ്ങളും ഡോണിനെ മെഗാഹിറ്റാക്കി. പ്യാർ ഭരാ ദിൽ എന്നീ ചിത്രത്തിനുശേഷം ഹോങ്കോംഗ് വാലി സ്ക്രിപ്റ്റ്, നെയിൽ കോ പകട്നാ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തുവെങ്കിലും തിയേറ്ററുകളിലെത്തിയില്ല.
ബാരറ്റിന്റെ വിയോഗം വാക്കുകൾക്ക് അതീതമാണെന്നും സുഹൃത്തെന്നതിലുപരി തന്റെ കുടുംബാംഗത്തെപ്പോലെയായിരുന്നു ബാരറ്റ് എന്നും അമിതാഭ് ബച്ചൻ ബ്ലോഗിൽ കുറിച്ചു. യഥാർഥ ഡോണിനു പിന്നാലെ ഡോൺ ചിത്രങ്ങളുടെ പരന്പരതന്നെയുണ്ടായി രുന്നു. 2006ൽ ഫർഹാൻ അക്തറിന്റെ സംവിധാനത്തിൽ ഷാരൂഖ് ഖാനെ നായകനായി ഡോൺ പുറത്തിറങ്ങി. 2011ൽ ഡോൺ 2: ദ കിംഗ് ഈസ് ബാക് എന്ന ചിത്രവും തിയറ്റുകളിലെത്തി.