ആലേഖ് ഫൗണ്ടേഷൻ വനിതാ അവാർഡുകൾ സമ്മാനിച്ചു
Monday, July 21, 2025 1:40 AM IST
ന്യൂഡൽഹി: വനിതാ ക്രിക്കറ്റ് താരം അൻജും ചോപ്ര, മികച്ച നടിക്കുള്ള ദേശീയ പുരസ്കാര ജേതാവ് റിഥുപർണ സെൻഗുപ്ത, മനുഷ്യാവകാശ പ്രവർത്തക അഞ്ജലി ഗോപാലൻ, ഒഡീസി നർത്തകി ഷാരോണ്‍ ലോവൻ, ആർട്ട് ക്യുറേറ്റർ ഉമ നായർ, റെഡ് എഫ്എം റേഡിയോ സിഇഒ നിഷ നാരായണ്‍ തുടങ്ങി വിവിധ മേഖലകളിൽ വിജയം വരിച്ച 25 വനിതകൾക്ക് വുമണ്‍ അച്ചീവേഴ്സ് അവാർഡ് സമ്മാനിച്ചു.
ഡൽഹി കേന്ദ്രമായുള്ള ആലേഖ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡുകൾ ലീല പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സുപ്രീംകോടതി മുൻ ജഡ്ജി സഞ്ജയ് കിഷൻ കൗൾ, നീതി ആയോഗ് മുൻ സിഇഒ അമിതാഭ് കാന്ത്, നടൻ ആദിൽ ഹുസൈൻ, ഫൗണ്ടേഷന്റെ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ റെന്നി ജോയ് എന്നിവർ സമ്മാനിച്ചു.
ഡിസൈനർ അൻഷു അറോറ, മൈത്രി ഇന്ത്യ സഹസ്ഥാപക വിന്നി സിംഗ്, യുട്യൂബർ നീതു ബിഷ്ത്, അംബാസഡർ സംഗീത ബഹദൂർ, ആകാശവാണി മുൻ ഡയറക്ടർ ജനറൽ മൗഷുമി ചക്രവർത്തി, സിനിമ നിർമാതാവും തിരക്കഥാകൃത്തുമായ ഷോനാലി ബോസ്, സിനിമാ ജേർണലിസ്റ്റ് ഷുബ്ര ഗുപ്ത തുടങ്ങിയവരും അവാർഡ് ജേതാക്കളാണ്.
സത്യസന്ധത, ഭാവന, സ്വാധീനം എന്നിവയിലൂടെ വനിതകൾക്കു പ്രചോദനമാകുന്നവരെയാണ് അവാർഡിനു തെരഞ്ഞെടുത്തതെന്ന് ആലേഖ് ഫൗണ്ടേഷന്റെ സാരഥി റെന്നി ജോയ് പറഞ്ഞു.