മുഡ കേസ് വിധി: കേന്ദ്രത്തിന്റെ മുഖത്തേറ്റ അടിയെന്ന് സിദ്ധരാമയ്യ
Tuesday, July 22, 2025 3:48 AM IST
ബംഗളൂരു: കർണാടകയിലെ മുഡ (മൈസൂർ നഗരവികസന അഥോറിറ്റി) ഭൂമിദാനക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയ ഇടപെടൽ കേന്ദ്ര സർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിന്റെ മുഖത്തേറ്റ അടിയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.
സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്കെതിരായ കേസ് റദ്ദാക്കിയ ഹൈക്കോടതിവിധി ശരിവയ്ക്കുന്നതിനിടെ സുപ്രീംകോടതി ഇഡിയെ രൂക്ഷമായി വിമർശിച്ചിരുന്നു. രാഷ്ട്രീയനേട്ടത്തിനായി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഇതൊരു മുന്നറിയിപ്പാണ്.
വിധിയിലൂടെ കേസിന് പിന്നിലെ ദുഷ്ടലാക്കിനെയാണ് കോടതി തുറന്നുകാട്ടിയത്. അല്പമെങ്കിലും അന്തസും ലജ്ജയുണ്ടെങ്കിൽ ബിജെപിയും കർണാടകയിലെ അവരുടെ സഖ്യകക്ഷിയായ ജെഡിഎസിന്റെ നേതാക്കളും പരസ്യമായി മാപ്പു പറയണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.