ഇഡിയെ എന്തിന് രാഷ്ട്രീയ യുദ്ധങ്ങൾക്ക് ഉപയോഗിക്കുന്നു ; ഇഡിക്കും കേന്ദ്രത്തിനും സുപ്രീംകോടതിയുടെ കൊട്ട്
Tuesday, July 22, 2025 3:49 AM IST
ന്യൂഡൽഹി: രാഷ്ട്രീയ യുദ്ധങ്ങൾക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) എന്തിന് ഉപയോഗിക്കുന്നുവെന്ന ചോദ്യമുന്നയിച്ച് സുപ്രീംകോടതി.
ഭൂമിതട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്കെതിരേയും കർണാടക മന്ത്രി ബൈരതി സുരേഷിനെതിരേയും ഇഡി അയച്ച സമൻസ് കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതു ചോദ്യം ചെയ്തു ഇഡി നൽകിയ അപ്പീൽ പരിഗണിക്കാൻ വിസമ്മതിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ രൂക്ഷവിമർശനം.
ഇഡിയെപ്പറ്റി കടുത്ത പ്രസ്താവനകൾ നടത്താൻ തങ്ങളുടെ വായ് തുറപ്പിക്കരുതെന്ന് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിയും ജസ്റ്റീസ് കെ. വിനോദ് ചന്ദ്രനും ഉൾപ്പെട്ട ബെഞ്ച് ഹർജി ഉന്നയിച്ച അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിനോട് ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിൽ തനിക്കു ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും രാജ്യം മുഴുവൻ അതു നടപ്പാക്കാൻ ഇഡി ശ്രമിക്കരുതെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. രാഷ്ട്രീയപോരാട്ടങ്ങൾ വോട്ടർമാർക്കിടയിൽ നടക്കട്ടെയെന്നും ഇഡിയെ അതിനായി എന്തിന് ഉപയോഗിക്കണമെന്നും പരമോന്നത കോടതി ചോദ്യമുന്നയിച്ചു.
സമാനബെഞ്ച് മറ്റൊരു കേസിലും ഇഡിക്കെതിരേ രൂക്ഷവിമർശനം ഉന്നയിച്ചു. സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ തന്റെ കക്ഷിക്ക് ഉപദേശം നൽകിയതിനു സുപ്രീംകോടതിയിലെ രണ്ട് മുതിർന്ന അഭിഭാഷകർക്ക് സമൻസ് അയച്ച കേസിലായിരുന്നു കോടതിയുടെ മറ്റൊരു വിമർശനം. ഇഡി ഉദ്യോഗസ്ഥർ എല്ലാ പരിധികളും ലംഘിക്കുന്നുവെന്ന് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് നിരീക്ഷിച്ചു.
പല കേസുകളിലും ഇഡി പരിധി ലംഘിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര ഏജൻസിക്കെതിരേ ഒരു വികാരം കെട്ടിപ്പടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഇതിന് ആക്കം കൂട്ടുന്ന തരത്തിലുള്ള നിരീക്ഷണങ്ങൾ കോടതിയുടെ ഭാഗത്തുനിന്നുണ്ടാകരുതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ആവശ്യപ്പെട്ടു.
കേന്ദ്ര ഏജൻസിക്കെതിരായ അപവാദപ്രചാരണമാണ് പുറത്തുനടക്കുന്നത്. ഇതു കോടതിയുടെ നിലപാടിനെ സ്വാധീനിക്കാറുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. എന്നാൽ ഇത്തരത്തിലുള്ള ആഖ്യാനങ്ങൾ കോടതിയുടെ നിലപാടിനെ സ്വാധീനിക്കാറില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.