പോരാട്ടങ്ങൾക്കു നേതൃത്വം നൽകിയ സംഘാടകൻ: പോളിറ്റ് ബ്യൂറോ
Tuesday, July 22, 2025 3:48 AM IST
ന്യൂഡൽഹി: മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി സിപിഎം പോളിറ്റ് ബ്യൂറോ. കേരളത്തിലെ വിവിധ പോരാട്ടങ്ങളിൽ നേതൃത്വം നൽകിയ കഴിവുള്ള സംഘാടകനായിരുന്നു വി.എസെന്ന് പിബി അനുസ്മരിച്ചു.
മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ അധ്വാനിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനായി നിരവധി നിയമനിർമാണ- ഭരണ നടപടികൾ സ്വീകരിച്ച അദ്ദേഹം കേരള രാഷ്ട്രീയത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ മരണത്തിലൂടെ പാർട്ടിക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണു സംഭവിച്ചത്.
വിഎസിനോടുള്ള ആദരസൂചകമായി ചുവന്ന പതാക താഴ്ത്തിക്കെട്ടുന്നതായും കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നതായും ചെയ്യുന്നതായി പോളിറ്റ് ബ്യൂറോ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.