അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യബാച്ച് എത്തി
Wednesday, July 23, 2025 3:03 AM IST
ന്യൂഡൽഹി: രാജ്യം ദീർഘനാളായി കാത്തിരിക്കുന്ന അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യബാച്ച് എത്തി. അമേരിക്കൻ വിമാനക്കന്പനിയായ ബോയിംഗിൽനിന്നാണ് ഇന്ത്യൻ കരസേന മൂന്ന് എഎച്ച്64ഇ ഹെലികോപ്റ്ററുകൾ കൈപ്പറ്റിയത്.
സൈന്യത്തിന്റെ ഏവിയേഷൻ കോർപ്സിനുവേണ്ടി പശ്ചിമാതിർത്തിയിലുള്ള രാജസ്ഥാനിലെ ജോഥ്പുരിലായിരിക്കും ഹെലികോപ്റ്ററുകൾ വിന്യസിക്കുക. വെസ്റ്റേണ്‍ എയർ കമാൻഡിനു കീഴിലുള്ള വ്യോമസേനയുടെ ഹിൻഡൻ എയർഫോഴ്സ് സ്റ്റേഷനിലാണ് ഹെലികോപ്റ്ററുകൾ എത്തിച്ചത്.
ഓപ്പറേഷൻ സിന്ദൂറിനുശേഷം പശ്ചിമാതിർത്തിയിലെ സൈനികബലം ശക്തമാക്കുവാൻ ലക്ഷ്യമിടുന്ന രാജ്യത്തിന് ആകാശത്തിലെ ടാങ്കുകൾ എന്നറിയപ്പെടുന്ന അപ്പാച്ചെ ഹെലികോപ്റ്ററുകറുടെ വരവ് ഗുണകരമാകും.
2020ൽ അമേരിക്കയുമായി 60 കോടി ഡോളറിന്റെ കരാറിലേർപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ എത്തിയത്. കരാർപ്രകാരം ആറു ഹെലികോപ്റ്ററുകളാണ് എത്തേണ്ടത്. മൂന്ന് ഹെലികോപ്റ്ററുകളടങ്ങുന്ന അടുത്ത ബാച്ച് ഈ വർഷം നവംബറോടെ രാജ്യത്തെത്തിക്കും.