കൻവാർ തീർഥാടകർക്ക് ദുരന്തദിനം
Thursday, July 24, 2025 2:09 AM IST
ഭോപ്പാൽ: കൻവാർ തീർഥാടനത്തിടെ അപകടങ്ങൾ തുടർക്കഥയാകുന്നു. മധ്യപ്രദേശിലെ ഗ്വാളിയറിൽ നിയന്ത്രണംവിട്ട കാർ ആൾക്കൂട്ടത്തിലേക്കു പാഞ്ഞുകയറി നാല് കൻവാർ തീർഥാടകർ മരിച്ചു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.
ഗ്വാളിയർ ശിവപുരി ശിതൾമാതാ ക്ഷേത്ര ഗേറ്റിനു സമീപം, ആഗ്ര-മുംബൈ ദേശീയപാതയിൽ ഇന്നലെ പുലർച്ചെയായിരുന്നു അപകടം. ബദൗനിയിൽനിന്ന് ഗംഗാജലവുമായി തിരികെ വരികയായിരുന്നു ഇവർ. ടയർപൊട്ടിത്തെറിച്ചശേഷം കാർ നിയന്ത്രണംവിട്ട് അമിതവേഗത്തിൽ തീർഥാടകർക്കിടയിലേക്ക് കയറുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. മൂന്നുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
രാജസ്ഥാനിലെ ആൽവാറിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന ട്രക്ക് വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം. 30 പേർക്കു പരിക്കേറ്റു. പരിക്രമത്തിന്റെ ഭാഗമായി ഓടുന്ന ട്രക്കിൽ നൃത്തംവയ്ക്കാൻ അധികം പേരുണ്ടായിരുന്നു.
നിരവധി പേർ ട്രക്കിനു താഴെ നിൽപ്പുണ്ടായിരുന്നു. വൈദ്യുതലൈൻ പൊട്ടിവീണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കു പൊള്ളലേറ്റു. ഇതേത്തുടർന്ന് രോഷാകുലരായ ജനക്കൂട്ടം ലക്ഷ്മൺഗഢ്-മുൻഡാവർ റോഡ് ഉപരോധിച്ചു. വൈദ്യുതി ലൈനുകളെക്കുറിച്ച് അധികാരികൾക്ക് മുന്നറിയിപ്പു നല്‍കിയിരുന്നതാണെന്ന് പ്രദേശവാസികൾ പറഞ്ഞു.