ഇന്ത്യ-യുകെ സ്വതന്ത്രവ്യാപാര കരാർ; കൂടുതൽ തൊഴിലവസരങ്ങൾക്കു വഴിതെളിക്കുമെന്ന് സർക്കാർ
Thursday, July 24, 2025 2:09 AM IST
ന്യൂഡൽഹി: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് (ഫ്രീ ട്രേഡ് എഗ്രിമെന്റ്- എഫ്ടിഎ) പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ലണ്ടനിൽ ഒപ്പുവയ്ക്കുന്നതോടെ നിരവധി മേഖലകളിൽ ഉണർവുണ്ടാകും.
തുണിത്തരങ്ങൾ, സമുദ്രോത്പന്നങ്ങൾ, പാനീയങ്ങൾ, തുകൽ, പാദരക്ഷകൾ, കളിപ്പാട്ടങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, ഫർണിച്ചർ, സ്പോർട്സ് ഉത്പന്നങ്ങൾ, യന്ത്രങ്ങൾ, എൻജിനിയറിംഗ് ഉത്പന്നങ്ങൾ, ഓട്ടോ പാർട്സ്, ജൈവ രാസവസ്തുക്കൾ എന്നിവ മുതൽ ശുദ്ധ ഊർജം, ലൈഫ് സയൻസസ് തുടങ്ങി ഇരുരാജ്യങ്ങളിലെയും പ്രധാന മേഖലകളെ കരാർ സഹായിക്കും.
യുകെയിൽ നാലു മുതൽ 16 ശതമാനം വരെയുള്ള തീരുവ ഇല്ലാതാകും. ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കരാർ വഴിതെളിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. ഇരു സന്പദ്വ്യവസ്ഥകൾക്കും ശക്തമായ വിതരണശൃംഖലകൾ സൃഷ്ടിക്കാനാകും.
ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വ്യവസായികൾക്ക് കരാർ വൻ നേട്ടമാകും. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ഇലക്ട്രിക് തുടങ്ങിയ ഇന്ത്യൻ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ നിർമാതാക്കൾക്കു പുതിയ ക്വോട്ട സന്പ്രദായപ്രകാരം മുൻഗണന ലഭിക്കും.
വെൽസ്പണ്‍ ഇന്ത്യ, അരവിന്ദ് തുടങ്ങിയ വസ്ത്ര കന്പനികൾ, ബാറ്റ, റിലാക്സോ തുടങ്ങിയ ഷൂ കന്പനികൾ, ഭാരത് ഫോർജ് പോലുള്ള എൻജിനിയറിംഗ് കന്പനികൾക്കു വലിയ ഗുണമുണ്ടാകും.
ടാറ്റാ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാർ, ലാൻഡ് റോവർ തുടങ്ങിയ ആഡംബര കാറുകൾക്ക് ഇന്ത്യയിൽ വില കുറയും. യുകെ ആസ്ഥാനമായുള്ള ഡിയാജിയോ (സ്കോച്ച് വിസ്കി), ആസ്റ്റണ്‍ മാർട്ടിൻ (കാർ) നിർമാതാക്കൾക്കും തിരിച്ചും ഗണ്യമായ നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
നാലു ലക്ഷം കോടിയുടെ കരാറുകളിൽ പ്രവേശനം
ഇന്ത്യയിലെ പ്രതിരോധമേഖലയടക്കം തന്ത്രപ്രധാനമല്ലാത്ത മേഖലകളിലെ 200 കോടി രൂപയ്ക്കു മുകളിലുള്ള ടെൻഡറുകളിൽ പങ്കെടുക്കാൻ യുകെ കന്പനികൾക്ക് പുതിയ കരാറിലൂടെ അനുമതി നൽകും.
പ്രതിവർഷം ഏകദേശം നാലു ലക്ഷം കോടി രൂപയുടെ ഇന്ത്യയിലെ 40,000 ടെൻഡറുകളിലേക്ക് ബ്രിട്ടീഷ് കന്പനികൾക്കു പ്രവേശനം തുറന്നു കിട്ടുമെന്നാണ് ബ്രിട്ടൻ പ്രതീക്ഷിക്കുന്നത്.