മലയാളി പെൺകുട്ടി ഇംഗ്ലണ്ടിന് വേണ്ടി സ്വർണമെഡൽ നേടി
അരുൺ ജോർജ് വാതപ്പള്ളിൽ
Wednesday, July 23, 2025 5:41 PM IST
ലണ്ടൻ: കലാകായിക രംഗത്ത് യുകെയിലെ മലയാളി കുട്ടികള്‍ മലയാളി സമൂഹത്തിനു പുറത്തേക്ക് വളരുന്നു എന്ന വാര്‍ത്തകളാണ് രണ്ടു ദിവസമായി എത്തുന്നത്.
കഴിഞ്ഞ ദിവസം ലോകമെമ്പാടും നിന്നും എത്തിയ 1500 നര്‍ത്തകര്‍ക്കിടയില്‍ ഗ്ലോബല്‍ ഡാന്‍സ് ഓപ്പണ്‍ 2025 മത്സരത്തില്‍ ഫോക്ലോര് വിഭാഗത്തില്‍ ഫസ്റ്റ് റണ്ണര്‍അപ്പായ മലയാളികളായ കീര്‍ത്തന കൃഷ്ണദാസും നവമി സരീഷിനും പിന്നാലെ ഇപ്പോള്‍ കായിക രംഗത്ത് നേട്ടമെടുത്ത രണ്ടു പെൺകുട്ടികളെ കുറിച്ചുള്ള വാര്‍ത്തയാണ് മലയാളി സമൂഹത്തില്‍ അഭിമാനമായി നിറയുന്നത്.
സ്കോട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ നടന്ന തായ്കൊണ്ടാ മത്സരത്തില്‍ ബ്രിട്ടന് വേണ്ടി സ്വര്‍ണം നേടിയത് ഇംഗ്ലണ്ടിലെ ഹെറിഫോഡില്‍ താമസിക്കുന്ന തീര്‍ഥ റാം മാധവ് ആണെന്നത് ഓരോ യുകെ മലയാളികള്‍ക്കും ആവേശമാകേണ്ട വിജയ വാര്‍ത്തയാണ്.
ഒപ്പം ബര്‍മിംഗാം ഫുട്ബോള്‍ പ്രീമിയര്‍ ലീഗില്‍ കവന്‍ട്രി ആന്‍ഡ് വാര്‍വിക്ഷയര്‍ ടീമിന് കിരീടം നേടാന്‍ നിര്‍ണായക സംഭാവന നല്‍കിയത് കവന്‍ട്രിയിലെ ആശിഷ് മാത്യു ആണെന്നതും വര്‍ഷങ്ങളായി ഫുടബോള്‍ പരിശീലനം നടത്തുന്ന ആശിഷിനും യുകെ മലയാളികള്‍ക്കും ഒരേവിധം ആവേശമായി മാറേണ്ടതാണ്.
വിവിധ കലാകായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഓരോ കുട്ടികള്‍ക്കും ആവേശമായി മാറേണ്ടതാണ് കീര്‍ത്തനയും നവമിയും തീര്‍ഥയും ആശിഷും ഒക്കെ കൊയ്തെടുത്ത കിരീട നേട്ടങ്ങള്‍.
തീര്‍ഥ റാം മാധവ് സ്വര്‍ണമെഡല്‍ നേടി എന്ന വാര്‍ത്ത മലയാളികള്‍ക്ക് മാത്രമല്ല ബ്രിട്ടനിലെ കായിക ലോകവും ആവേശത്തോടെ ഏറ്റെടുക്കുകയാണ്. ഇംഗ്ലണ്ടിന് വേണ്ടി മത്സരിച്ച തീര്‍ഥ, പതിനൊന്ന് മുതല്‍ പതിനാലു വയസുവരെയുള്ള പെണ്‍കുട്ടികളുടെ റെഡ് ബെല്‍റ്റ് വിഭാഗത്തില്‍ കിരീടം ചൂടുകയായിരുന്നു.
അമേരിക്ക, ഓസ്ട്രേലിയ, അർജന്റീന, കാനഡ, കൊറിയ, സ്പെയിന്, ജര്‍മനി ഉള്‍പ്പെടെ 22 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ് തീര്‍ഥ ഇംഗ്ലണ്ടിനായി ഈ മഹത്തായ നേട്ടം കൈവരിച്ചത്. അതുല്യമായ കഴിയും ആത്മവിശ്വാസവുമാണ് തീര്‍ത്ഥയെ വിജയത്തിലേക്ക് നയിച്ചതെന്ന് പരിശീലകര്‍ വ്യക്തമാക്കി.
ഹെര്‍ഫോര്‍ഡില്‍ താമസമാക്കിയ പ്രശാന്ത് രാമന് പിള്ളയും സിനിയും ദമ്പതികളുടെ മകളായ തീര്‍ഥയുടെ വിജയം മലയാളി സമൂഹത്തിനും ഇംഗ്ലണ്ടിനുമൊരുമിച്ച് അഭിമാനകരമാണ്.
പത്തനംതിട്ട വാഴമുട്ടം സ്വദേശികളായ ഈ കുടുംബം ഏതാനും വര്‍ഷമായി ഹെര്‍ഫോര്‍ഡ് നിവാസികളാണ്. ഹെര്‍ഫോര്‍ഡ് ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്യുകയാണ് തീര്‍ഥയുടെ മാതാവ് സിനി.
ഹെര്‍ഫോര്‍ഡില്‍ ഇന്ത്യന്‍ രുചി വിഭവങ്ങള്‍ വിളമ്പുന്ന റസ്റ്റോറന്റ് ഉടമയാണ് തീര്‍ഥയുടെ പിതാവ് രാമന് പിള്ള. പൃഥ്വി രാം മാധവാണ് ഏക സഹോദരന്.
തായ്ക്ക്വണ്ടോയില് തന്റേതായ നേട്ടങ്ങള്‍ കൈവരിക്കാന്‍ തീര്‍ഥ, ഹെര്‍ഫോര്‍ഡ് തായ്ക്ക്വണ്ടോ അസോസിയേഷനിലെ കോച്ച് ഡേവിഡ് ഷെപ്പാര്‍ഡിന്റെ കീഴില്‍ മികച്ച പരിശീലനം തുടരുകയാണ്.