ഓസ്ട്രിയ മലയാളിയ്ക്ക് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം
ജോബി ആന്റണി
Thursday, July 24, 2025 7:57 AM IST
വിയന്ന: കൊട്ടാരക്കര കലാ സാഹിത്യ സംഘത്തിന്റെ, ചലച്ചിത്രേതര വിഭാഗത്തിലെ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ജാക്സണ് പുല്ലേലിയ്ക്ക് ലഭിച്ചു.
എം. ജി ശ്രീകുമാറും സരിതാ രാജീവും ചേര്‍ന്ന് ആലപിച്ച് 2024ല്‍ മനോരമ മ്യൂസിക്കിലൂടെ പുറത്തിറങ്ങിയ "മാവേലിക്കാലം’ എന്ന ഓണപ്പാട്ടിന്റെ രചനയാണ് പുരസ്കാരത്തിന് അര്‍ഹത നേടിയത്.
2025 ജൂലൈ 19ന് കൊട്ടാരക്കര ഗാന്ധിലെനിന് കള്‍ച്ചറല്‍ സെന്ററിൽ നടന്ന ചടങ്ങില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പുരസ്കാരം സമ്മാനിച്ചു. ജാക്സണ് പുല്ലേലിക്ക് വേണ്ടി ഡോ. സുഷമ ചിറക്കര അവാര്‍ഡ് ഏറ്റുവാങ്ങി. തിരുവനന്തപുരം എസ്.എ.കെ പ്രൊഡക്ഷന്‍സിന്റെ നിര്‍മ്മാണത്തില്‍ അജി സരസാണ് സംഗീതം നല്‍കിയത്.
യൂറോപ്പിലെ പ്രവാസി മലയാളികളുടെ ഇടയില്‍ നാടകരചന, സംവിധാനം, ഗാനരചന എന്നീ മേഖലകളില്‍ സജീവമായ ജാക്സണ് പുല്ലേലി വിയന്നയിലെ ഐക്യരാഷ്ട്രസഭയുടെ ആണവോര്‍ജ്ജ ഏജന്‍സിയില്‍ ഉദ്യോഗസ്ഥനായിരുന്നു. വിയന്നയില്‍ സ്ഥിരതാമസക്കാരനായ അദ്ദേഹം തൃശൂര്‍ ജില്ലയിലെ മുരിങ്ങൂര്‍ സ്വദേശിയാണ്.