മാഞ്ചസ്റ്ററിൽ ഇന്ത്യ പൊരുതുന്നു; പന്തിനു പരിക്ക്
Thursday, July 24, 2025 12:51 AM IST
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് ബൗളിംഗിനെതിരേ മാഞ്ചസ്റ്ററില്‍ മല്ലടിച്ച് ഇന്ത്യന്‍ ബാറ്റര്‍മാര്‍. ഓള്‍ഡ് ട്രാഫോഡ് സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന നാലാം ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട ബാറ്റിംഗുമായി ഇന്ത്യയുടെ പോരാട്ടം.
ഒന്നാംദിനം മൽസരം അവ സാനിക്കുന്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് സ്വന്തമാക്കി. യശസ്വി ജയ്സ്വാൾ (58), കന്നി അർധസെഞ്ചുറി നേടിയ സായ് സുദർശൻ (61), കെ.എൽ. രാഹുൽ (46), റിട്ടയേഡ് ഹർട്ട് ആയ ഋഷഭ് പന്ത് (37) എന്നിവരാണ് ആദ്യദിനം ഇന്ത്യൻ പോരാട്ടം നയിച്ചത്. രവീന്ദ്ര ജഡേജ (19), ഷാർദുൾ ഠാക്കൂർ (19) എന്നിവരാണ് ക്രീസിൽ.
51 വര്‍ഷത്തിനുശേഷം ജയ്സ്വാള്‍
ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ ചരിത്ര അര്‍ധസെഞ്ചുറിയാണ് ഇംഗ്ലണ്ടിന് എതിരായ നാലാം ടെസ്റ്റിന്റെ ആദ്യദിനത്തിലെ ആദ്യ ആകര്‍ഷണം. നേരിട്ട 96-ാം പന്തില്‍ അര്‍ധസെഞ്ചുറി കുറിച്ച ജയ്സ്വാള്‍, 107 പന്തില്‍ 58 റണ്‍സുമായി മടങ്ങി. ഒരു സിക്സും 10 ഫോറും അടങ്ങുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്.
നീണ്ട 51 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ ഓപ്പണര്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡ് സ്റ്റേഡിയത്തില്‍ അര്‍ധസെഞ്ചുറി സ്വന്തമാക്കുന്നത്. 1974ല്‍ സുനില്‍ ഗാവസ്കറാണ് മാഞ്ചസ്റ്ററില്‍ അവസാനമായി 50+ സ്കോര്‍ നേടിയ ഇന്ത്യന്‍ ഓപ്പണര്‍. അന്ന് ഗാവസ്കര്‍ ആദ്യ ഇന്നിംഗ്സില്‍ 101ഉം രണ്ടാം ഇന്നിംഗ്സില്‍ 58ഉം റണ്‍സ് നേടിയിരുന്നു. 1990ല്‍ സച്ചിന് തെണ്ടുല്‍ക്കറാണ് മാഞ്ചസ്റ്ററില്‍ അവസാനമായി സെഞ്ചുറി നേടിയ ഇന്ത്യന്‍ ബാറ്റര്‍.
ഇംഗ്ലണ്ടിനെതിരേ 1000 ടെസ്റ്റ് റണ്‍സും ജയ്സ്വാള്‍ പിന്നിട്ടു. 16 ഇന്നിംഗ്സില്‍നിന്നാണ് ഈ നേട്ടം. അതിവേഗത്തില്‍ ഇംഗ്ലണ്ടിനെതിരേ 1000 റണ്‍സ് എന്നതില്‍ രണ്ടാം സ്ഥാനത്തും ജയ്സ്വാള്‍ എത്തി. 15 ഇന്നിംഗ്സില്‍ ഈ നേട്ടം സ്വന്തമാക്കിയ രാഹുല്‍ ദ്രാവിഡിന്റെ പേരിലാണ് റിക്കാര്‍ഡ്. മുഹമ്മദ് അസ്ഹറുദ്ദീനും 16 ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെതിരേ 1000 റണ്‍സ് എടുത്തിട്ടുണ്ട്.
രാഹുല്‍ - ജയ്സ്വാള്‍: 94
യശസ്വി ജയ്സ്വാളിനൊപ്പം ഒന്നാം വിക്കറ്റില്‍ 94 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയശേഷമാണ് രാഹുല്‍ മടങ്ങിയത്. 98 പന്തില്‍ നാലു ഫോറിന്റെ സഹായത്തോടെ 46 റണ്‍സ് നേടിയ രാഹുല്‍ ക്രിസ് വോക്സിന്റെ പന്തില്‍ സാക് ക്രൗളിക്കു ക്യാച്ച് നല്കി പുറത്താകുകയായിരുന്നു. 79 വര്‍ഷത്തിനിടെ ഓള്‍ഡ് ട്രാഫോഡില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണിത്. വിജയ് മെര്‍ച്ചന്റും സയ്യിദ് മുഷ്താഖ് അലിയും 1936ല്‍ 203ഉം 1946ല്‍ 124ഉം റണ്‍സ് ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ഓള്‍ഡ് ട്രാഫോഡില്‍ നേടിയിരുന്നു.
രാഹുൽ, പന്ത്: 1000
ഇംഗ്ലണ്ടിനെതിരേ ഇംഗ്ലീഷ് മണ്ണില്‍ 1000 റണ്‍സ് നേടുന്ന അഞ്ചാമത് ഇന്ത്യന്‍ ബാറ്റര്‍ എന്ന റിക്കാര്‍ഡ് കെ.എല്‍. രാഹുല്‍ കുറിക്കുന്നതുകണ്ടാണ് മാഞ്ചസ്റ്ററില്‍ മത്സരം ആരംഭിച്ചത്. ഇന്നലെ 11 റണ്‍സ് എടുത്തതോടെയാണ് രാഹുല്‍ ഇംഗ്ലണ്ടിനെതിരേ ഇംഗ്ലീഷ് മണ്ണില്‍ 1000 റണ്‍സ് തികച്ചത്. സച്ചിന് തെണ്ടുല്‍ക്കര്‍ (1575), രാഹുല്‍ ദ്രാവിഡ് (1376) സുനില്‍ ഗാവസ്കര്‍ (1152) വിരാട് കോഹ്ലി (1096) എന്നിവരാണ് കെ.എല്‍. രാഹുലിനു (1035) മുമ്പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍. പിന്നാലെ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും (1009*) ഈ ക്ലബ്ബിലേക്ക് എത്തി. ഇതോടെ ഇംഗ്ലീഷ് മണ്ണിൽ 1000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന ഇന്ത്യൻ ബാറ്റർമാരുടെ എണ്ണം ആറായി.
പരിക്കേറ്റ് പന്ത്, സായ് കന്നിനേട്ടത്തിൽ
ഋഷഭ് പന്തും സായ് സുദര്‍ശനും നാലാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുമായി മുന്നേറുമ്പോള്‍ പരിക്ക് വില്ലനായെത്തി. ഇന്നിംഗ്സിലെ 68-ാം ഓവറിന്റെ നാലാം പന്തില്‍ ബാറ്റ് & പാഡ് ടച്ചില്‍ ഡിആര്‍എസ് അതിജീവിച്ച പന്തിനു പക്ഷേ പരിക്കേറ്റു. ക്രിസ് വോക്സ് എറിഞ്ഞ പന്ത് അണ്ടര്‍ എഡ്ജ് ആയശേഷം ഋഷഭ് പന്തിന്റെ വലതുകാലിന്റെ ബൂട്ടില്‍ കൊണ്ടു. കാല്പത്തിയില് മുറിവേറ്റ ഋഷഭ് പന്തിനെ ഗോള്‍ഫ് കാര്‍ട്ടിലാണ് മൈതാനത്തിനു പുറത്തേക്കെത്തിച്ചത്. 48 പന്തില്‍ 37 റണ്‍സ് നേടിയ ഋഷഭ്, സായ് സുദര്‍ശനൊപ്പം 72 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയശേഷം റിട്ടയേര്‍ഡ് ഹര്‍ട്ടായത് ഇന്ത്യക്കു വേദനയായി.
151 പന്ത് നേരിട്ട സായ് സുദര്‍ശന്റെ വിക്കറ്റ് പിന്നാലെ നഷ്ടപ്പെട്ടു. ഏഴ് ഫോറിന്റെ സഹായത്തോടെ 61 റണ്‍സ് നേടിയ സായ് സുദര്‍ശനെ സ്റ്റോക്സ് പുറത്താക്കി. മൂന്നാം നമ്പറിലേക്കുള്ള തിരിച്ചുവരവ് കന്നി അര്‍ധസെഞ്ചുറിയുമായി സായ് സുദര്ശന് മുതലാക്കി.
2929: ലിയാം ഡൗസണ്‍
35കാരനായ ഇംഗ്ലീഷ് സ്പിന്നര്‍ ലിയാം ഡൗസണ്‍ 2929 ദിനങ്ങള്‍ക്കുശേഷം ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നതിനും ഓള്‍ഡ് ട്രാഫോഡ് സാക്ഷ്യംവഹിച്ചു. 2017 ജൂലൈയിലായിരുന്നു ഡൗസണ്‍ അവസാനമായി ഇംഗ്ലണ്ടിനായി ടെസ്റ്റ് കളിച്ചത്. നാലാം ടെസ്റ്റിനിറങ്ങിയ ഡൗസണിന്റെ പന്തില്‍ യശസ്വി ജയ്സ്വാള്‍ പുറത്തായി. ഫസ്റ്റ് സ്ലിപ്പില്‍ ഹാരി ബ്രൂക്കാണ് ക്യാച്ച് എടുത്തത്.
ജയ്സ്വാള്‍ പുറത്തായതോടെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനു ശോഭിക്കാനായില്ല. 23 പന്ത് നേരിട്ട ഗില്‍ 12 റണ്‍സുമായി മടങ്ങി. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ 140 റണ്‍സ് ഉള്ളപ്പോഴാണ് മൂന്നാം വിക്കറ്റായി ഗില്‍ പുറത്തായത്.
പ്ലേയിംഗ് ഇലവനിൽ മാറ്റങ്ങൾ
ഷൊയ്ബ് ബഷീറിനു പകരമായാണ് ലിയാം ഡൗസണ്‍ ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനില്‍ എത്തിയത്. ഇന്ത്യ മൂന്നു മാറ്റങ്ങളുമായാണ് ഇറങ്ങിയതെന്നതും ശ്രദ്ധേയം. കരുണ്‍ നായറിനു പകരം സായ് സുദര്ശന് എത്തി. നിതീഷ് കുമാര്‍ റെഡ്ഡിക്കു പകരം ഷാര്‍ദുള്‍ ഠാക്കൂറും ആകാഷ് ദീപിന്റെ സ്ഥാനത്ത് അന്‍ഷുല്‍ കാംബോജും പ്ലേയിംഗ് ഇലവനില്‍ ഇടംപിടിച്ചു. 24കാരനായ അന്ഷുലിന്റെ അരങ്ങേറ്റ മത്സരമാണ്.