യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ് റീജണൽ കലാമേള ഒക്ടോബർ 11ന് കവൻട്രിയിൽ
രാജപ്പൻ വർഗീസ്
Wednesday, July 30, 2025 7:38 AM IST
മിഡ്ലാൻഡ്: യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ് റീജണൽ കമ്മിറ്റി യോഗം കഴിഞ്ഞ ദിവസം പ്രസിഡന്റ് ജോബി പുതുകുളങ്ങരയുടെ അധ്യക്ഷതയിൽ ചേർന്നു. ഈ വർഷത്തെ റീജണൽ കലാമേള ഒക്ടോബർ 11ന് കവൻട്രിയിൽ വച്ച് നടത്താൻ തീരുമാനിച്ചു.
കലാമേളയുടെ നടത്തിപ്പിന്റെ കാര്യങ്ങളെ കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്തു. റീജണൽ കലാമേളയിൽ വിജയികളാകുന്നവർക്ക് നാഷനൽ കലാമേളയിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മത്സരാർഥികൾ കലാമേള നടക്കുന്ന ഒക്ടോബർ 11 ന് മൂന്നാഴ്ച മുൻപ് പേരു റജിസ്റ്റർ ചേയ്യണം. കലാമേളയുടെ വിജയത്തിനു വേണ്ടി എല്ലാവരും രംഗത്തിറങ്ങണമെന്ന് യോഗം അഭ്യർഥിച്ചു.
യോഗത്തിൽ നാഷനൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ, മിഡ്ലാൻൽ നിന്നുള്ള നാഷനൽ കമ്മിറ്റി അംഗം ജോർജ്ജ് തോമസ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. രാജപ്പൻ വർഗ്ഗീസ്, രേവതി അഭിഷേക്, ആനി കുര്യൻ, അനിത മുകുന്ദൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
റീജണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും റീജണൽ ട്രഷറർ പോൾ ജോസഫ് നന്ദിയും പറഞ്ഞു.