ഏഴാമത് യുക്മ കേരളപൂരം വള്ളംകളി ഓഗസ്റ്റ് 30ന്; അണിയറയിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
കുര്യൻ ജോർജ്
Wednesday, July 30, 2025 6:26 AM IST
റോഥർഹാം യുക്മ കേരളപൂരം വള്ളംകളി 2025ന് മോടി കൂട്ടാൻ ’തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസും’ ലൈവ് സ്റ്റേജ് പ്രോഗ്രാമുകളും അണിയറയിൽ ഒരുങ്ങുന്നു.
ഓഗസ്റ്റ് 30ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ നടക്കുന്ന ഏഴാമത് യുക്മ കേരളപൂരം മത്സര വള്ളംകളി കാണാനെത്തുന്നവർക്ക്, വള്ളംകളിയോടൊപ്പം ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കാൻ ആകർഷകമായ പരിപാടികൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു.
ഉത്സവ പ്രതീതിയുണർത്തുന്ന അന്തരീക്ഷത്തിന് യോജിച്ച കലാവിസ്മയങ്ങളായിരിക്കും അരങ്ങേറുന്നതെന്ന് വള്ളംകളി ജനറൽ കൺവീനർ ഡിക്സ് ജോർജ് അറിയിച്ചു.
’തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസ് 2025’യുക്മ കേരളപൂരം വള്ളംകളി 2025ന്റെ ഏറ്റവും വലിയ ആകർഷണമായി അണിഞ്ഞൊരുങ്ങുന്നത് യുകെയിലെ നൂറുകണക്കിന് മലയാളി വനിതകൾ പങ്കെടുക്കുന്ന ’തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസ് 2025’ എന്ന നാട്യ വിസ്മയമാണ്.
മുൻ വർഷങ്ങളിൽ മെഗാ തിരുവാതിരയും മെഗാ ഫ്യൂഷൻ തിരുവാതിരയും അവതരിപ്പിച്ച് കാണികളുടെ മനം കവർന്ന കേരളീയ വനിതകൾ ഇത്തവണയെത്തുന്നത് പാരമ്പര്യവും ആധുനികതയും ഒത്തുചേരുന്ന ’തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസ് 2025’ എന്ന നാട്യരൂപവുമായാണ്.
ഏഴാമത് യുക്മ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചുള്ള തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസിൽ പങ്കെടുക്കാൻ താൽപര്യമുള്ള മലയാളി വനിതകൾക്ക് അതിനുള്ള അവസരമുണ്ട്.
പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും പ്രാക്ടീസ് സെഷനുകളുമടക്കമുള്ള കാര്യങ്ങൾ സംഘാടകർ ഒരുക്കും.ഈ പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ യുക്മ ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടം (+44 7450964670), ജോയിന്റ് സെക്രട്ടറി റെയ്മോൾ നിധീരി (+44 7789149473) എന്നിവരെ ബന്ധപ്പെടുക.വാർത്ത അയച്ചത്∙