അന്താരാഷ്ട്ര കബഡി ടൂർണമെൻ്റിൽ ഇംഗ്ലണ്ടിന് സ്വർണം; മലയാളി താരങ്ങൾക്ക് സുവർണ നേട്ടം
അലക്സ് വർഗീസ്
Wednesday, July 30, 2025 6:37 AM IST
മാഞ്ചസ്റ്റർ: ഇറ്റലിയിൽ നടന്ന ആറ് രാജ്യങ്ങൾ പങ്കെടുത്ത രാജ്യാന്തര കബഡി ടൂർണമെന്റിൽ ഇംഗ്ലണ്ട് ടീം സ്വർണ കിരീടം നേടി. ഫൈനലിൽ മലയാളി താരങ്ങൾ ഉൾപ്പെട്ട ഇംഗ്ലണ്ട് ടീം ആതിഥേയരായ ഇറ്റലിയെയാണ് പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ടിന് ഈ സുവർണ നേട്ടം കരസ്ഥമാക്കിയ ടീമിൽ മലയാളി താരങ്ങളായ അഭിഷേക് അലക്സ്, ക്രിഷ് നായർ എന്നിവരും ഉൾപ്പെട്ടിരുന്നു.
ഇംഗ്ലണ്ട്, ഇറ്റലി, നെതർലൻഡ്സ്, ജർമനി, ഹംഗറി, സ്വിറ്റ്സർലൻഡ് തുടങ്ങിയ മികച്ച ടീമുകൾ പങ്കെടുത്ത രാജ്യാന്തര ടൂർണമെന്റിലാണ് ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത് ടീം ചാംപ്യൻപട്ടം നേടിയത്.
ഇന്ത്യൻ പ്രോ കബഡി ലീഗിൽ ഡൽഹി ഡബാങ് താരമായ ഫെലിക്സ് ലി ക്യാപ്റ്റനായ ടീമിൽ അഭിഷേക് അലക്സ്, വരദ് ക്ഷിർസാഗർ, ക്രിഷ് നായർ, ജോർജ് വെല്ലിങ്ടൻ, ഏകം സിങ്, സുശീൽ സെയ്നി എന്നിവരാണ് കളിച്ചത്. സുശീൽ സെയ്നി കളിക്കാരനൊപ്പം മാനേജരുടെയും ചുമതല വഹിച്ചു.
ഇറ്റലിയിലെ മിലാൻ സമീപം ബെർഗാമോയിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന ടൂർണമെന്റിൽ ഗ്രൂപ്പ് മത്സരങ്ങളിൽ ഹംഗറിയെയും സ്വിറ്റ്സർലൻഡിനെയും പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശനം നേടിയത്. ജർമനി, നെതർലൻഡ്സ് ടീമുകളെ കീഴടക്കിയാണ് ഇറ്റലി ഫൈനലിൽ എത്തിയത്.
ഇംഗ്ലണ്ടിൽ നടന്ന കബഡി ലോകകപ്പിൽ വെയിൽസ് ടീമിന് വേണ്ടി കളിച്ച മാഞ്ചസ്റ്റർ സ്വദേശി അഭിഷേക് അലക്സ് ഇതാദ്യമായാണ് ഇംഗ്ലണ്ട് ദേശീയ ടീമിന് വേണ്ടി കളിക്കുന്നത്. ഹൾ ആൻഡ് യോർക്ക് മെഡിക്കൽ സ്കൂളിൽ അവസാന വർഷ മെഡിക്കൽ വിദ്യാർഥിയായ അഭിഷേക് പഠനത്തിലും കായിക രംഗത്തും ഒരുപോലെ മികവ് പുലർത്തുന്നു.
മുൻ യുക്മ നാഷനൽ ജനറൽ സെക്രട്ടറിയും യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാനുമായ അലക്സ് വർഗീസിന്റെയും വിഥിൻഷോ ഹോസ്പിറ്റലിൽ സ്പെഷലിസ്റ്റ് നഴ്സായ ബെറ്റിമോൾ അലക്സിന്റെയും രണ്ടാമത്തെ മകനാണ് അഭിഷേക്. ബാങ്ക് ഉദ്യോഗസ്ഥയായ അനേഖ അലക്സ്, ഒൻപതാം ക്ലാസ് വിദ്യാർഥിനി ഏഡ്രിയേൽ അലക്സ് എന്നിവർ സഹോദരിമാരാണ്.
മാഞ്ചസ്റ്റർ സ്വദേശി കൂടിയായ ക്രിഷ് നായർ വാർവിക് യൂണിവേഴ്സിറ്റിയിൽ സിസ്റ്റം എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർഥിയാണ്. പഠനത്തിലും കായികരംഗത്തും സജീവമായ ക്രിഷ് നായർ ഗ്രേറ്റർ മാഞ്ചസ്റ്റർ മെന്റൽ ഹെൽത്ത് ഹോസ്പിറ്റലിൽ അഡ്മിനിസ്ട്രേറ്ററായ സന്തോഷ് നായരുടെയും ഗ്രേറ്റർ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ സീനിയർ ക്വാളിറ്റി ലീഡായ മായ സന്തോഷിന്റെയും മൂത്ത മകനാണ്. എ ലെവൽ വിദ്യാർഥി റിഷിക് നായർ, ഒൻപതാം ക്ലാസ് വിദ്യാർഥി റിഷിനാൻ നായർ എന്നിവരാണ് സഹോദരങ്ങൾ.
ഇംഗ്ലണ്ട് ടീമിന്റെ വിജയത്തിൽ പങ്കാളികളായ മലയാളി താരങ്ങളായ അഭിഷേകിനെയും ക്രിഷിനെയും മറ്റു ടീമംഗങ്ങളെയും യുക്മ പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ യുക്മ ദേശീയ സമിതിയുടെ പേരിൽ അഭിനന്ദിച്ചു.