അയർലൻഡിൽ ഇന്ത്യക്കാരന് നേരെ വീണ്ടും ആക്രമണം
ജയ്സൺ കിഴക്കയിൽ
Wednesday, July 30, 2025 12:03 PM IST
ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാരന് നേരെ വീണ്ടും ആക്രമണം. വൈകുന്നേരം നടക്കാൻ ഇറങ്ങിയ സന്തോഷ് യാദവിനാണ് ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. ഡബ്ലിനിൽ സന്തോഷ് താമസിക്കുന്ന വീടിനടുത്തുവച്ച് ഐറീഷുകാരായ ഒരുപറ്റം കൗമാരക്കാർ അക്രമം നടത്തുകയായിരുന്നു.
അക്രമത്തിൽ കവിളിനും മുഖത്തും പരിക്കേറ്റു. കണ്ണട പിടിച്ചു പറിച്ചതിനു ശേഷം മർദിക്കുകയായിരുന്നു. ഗാർഡ സ്ഥലത്ത് എത്തി സന്തോഷിനെ ബ്ലാഞ്ചാട്സ് ടൗൺ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഡബ്ലിൻ താലയിലും ഇന്ത്യക്കാരന് നേരെ കൗമാരക്കാർ ക്രൂരമായ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരേയുള്ള പ്രതിഷേധ സമരങ്ങൾ നടന്നുവരുന്നതിനിടെയാണ് പുതിയ ആക്രമണം.
ഇന്ത്യക്കാർക്ക് നേരെ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ തക്ക നടപടികൾ സ്വീകരിക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.