ട്രംപ് താരിഫുകള്ക്കിടയില് ഫോക്‌സ്‌വാഗണ്‍ കമ്പനിയുടെ ലാഭം കുറഞ്ഞു
ജോസ് കുമ്പിളുവേലിൽ
Wednesday, July 30, 2025 7:17 AM IST
ബർലിൻ: യുഎസ് താരിഫുകളുടെ ഫലമായി ജർമൻ ഓട്ടമൊബീൽ ഭീമനായ ഫോക്‌സ്‌വാഗണ്‍ കമ്പനിയുടെ ലാഭം കുറഞ്ഞു. അതേസമയം, കഴിഞ്ഞ വർഷത്തെ ആദ്യ പകുതിയുമായി താരതമ്യപ്പെടുത്തുമ്പോൾ ജർമനിയിൽ നിന്നുള്ള ലാഭം അൽപ്പം വർധിച്ചു. എന്നാൽ കമ്പനിയുടെ രണ്ടാം പാദ ലാഭം കുത്തനെ കുറയുകയും ചെയ്തു.
യുഎസ് താരിഫുകൾ, ഉൽപാദനചെലവ് വർധനവ്, കുറഞ്ഞ ലാഭ മാർജിനുള്ള ഇലക്ട്രിക് വാഹനങ്ങളുടെ വിൽപനയിലെ വർധനവ് എന്നിവ കണക്കാക്കുമ്പോൾ ജർമൻ ഓട്ടമൊബീൽ ഭീമനായ ഫോക്‌സ്‌വാഗണ്‍ രണ്ടാം പാദ ലാഭത്തിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തി.
2025 ലെ രണ്ടാം പാദത്തിൽ ഫോക്‌സ്‌വാഗണ്‍ ലാഭം 2.3 യൂറോ ബില്യനിൽ താഴെയായി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 36.3 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. വോൾഫ്സ്ബർഗ് ആസ്ഥാനമായുള്ള കമ്പനി അതിന്‍റെ പോർഷെ, ഔഡി അനുബന്ധ സ്ഥാപനങ്ങൾ പ്രത്യേകിച്ച് മോശം പ്രകടനം കാഴ്ചവച്ചതായും ചൈനയിലെ വിൽപനയും കുറഞ്ഞുവെന്നുമാണ് റിപ്പോർട്ടുകൾ.