യുവജന ജൂബിലി ആഘോഷങ്ങൾക്കു തുടക്കം
Thursday, July 31, 2025 11:31 AM IST
വത്തിക്കാൻ സിറ്റി: 2025 പ്രത്യാശയുടെ ജൂബിലിവർഷമായി ആചരിക്കുന്നതിന്റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷത്തിന് വത്തിക്കാനിൽ തുടക്കമായി.
സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ജൂബിലിയാഘോഷത്തിന്റെ മുഖ്യ സംഘാടകനും സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രീഫെക്ടുമായ ആർച്ച്ബിഷപ് റിനോ ഫിസിഷെല്ലയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണു ആഘോഷപരിപാടികൾക്കു തുടക്കമായത്.
വിശുദ്ധ കുർബാനയ്ക്കുശേഷം അപ്രതീക്ഷിതമായി ലെയോ പതിനാലാമൻ മാർപാപ്പ ചത്വരത്തിലേക്ക് പോപ്പ്മൊബീലിൽ കടന്നുവരികയും യുവജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു.
നീണ്ട കരഘോഷത്തോടെയാണു യുവജനങ്ങൾ മാർപാപ്പയെ എതിരേറ്റത്. യേശുക്രിസ്തുവിനുവേണ്ടിയുള്ള നിങ്ങളുടെ ശബ്ദങ്ങളും ഉത്സാഹവും നിലവിളികളും ഭൂമിയുടെ അറ്റംവരെ കേൾക്കുമെന്ന് മാർപാപ്പ യുവജനങ്ങളോടു പറഞ്ഞു.
ലോകത്തിന് ഇന്ന് പ്രത്യാശയുടെ സന്ദേശമാണ് ആവശ്യം. ഈ സന്ദേശങ്ങൾ എല്ലാവർക്കും പ്രദാനം ചെയ്യുന്നതിന് ഈ ജൂബിലിദിവസങ്ങൾ സഹായകരമാകട്ടെ. നിങ്ങളെല്ലാവരും ലോകത്തിൽ എല്ലായ്പ്പോഴും പ്രത്യാശയുടെ അടയാളങ്ങളായിരിക്കുമെന്നതാണ് തങ്ങളുടെ പ്രതീക്ഷ.
യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ ഒരുമിച്ചു നടക്കാം. ഈ ലോകത്ത് സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സാക്ഷികളാകുവാനും മാർപാപ്പ ഏവരെയും ക്ഷണിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 1,20,000 യുവജനങ്ങൾ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി വിവിധ ചത്വരങ്ങളിലും സ്റ്റേഡിയങ്ങളിലും കുരിശിന്റെ വഴി, ദിവ്യകാരുണ്യ പ്രദക്ഷിണം, പൊതു കുന്പസാരം, സംവാദങ്ങൾ, സംഗീതപരിപാടികൾ, പ്രഭാഷണങ്ങൾ എന്നിവ നടക്കും.
റോമിലെ തൊർ വേഗാത്ത യൂണിവേഴ്സിറ്റി കാന്പസിൽ ഓഗസ്റ്റ് രണ്ടിന് മാർപാപ്പയുടെ നേതൃത്വത്തിൽ നിശാ ജാഗരണ പ്രാർഥനയും മൂന്നിന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അഞ്ചു ലക്ഷത്തോളം യുവജനങ്ങളാണ് ആഘോഷപരിപാടികളിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.