പ്രഫ. എം.കെ. സാനു വിടവാങ്ങി
Sunday, August 3, 2025 2:24 AM IST
കൊച്ചി: നിരൂപണ സാഹിത്യത്തിലും അധ്യാപന മേഖലയിലും സാംസ്കാരിക മണ്ഡലത്തിലുമെല്ലാം സര്‍വാദരണീയനായ പ്രഫ. എം.കെ. സാനു (98) അന്തരിച്ചു.
വീട്ടില്‍ വീണ് ഇടുപ്പെല്ലിനു പരിക്കേറ്റ് കഴിഞ്ഞ 25 മുതല്‍ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും ശ്വാസതടസം അനുഭവപ്പെട്ടതുമൂലം തീവ്രപരിചരണവിഭാഗത്തില്‍ വെന്റിലേറ്ററിലായിരിക്കെ ഇന്നലെ വൈകുന്നേരം 5.35നായിരുന്നു അന്ത്യം.
രാത്രി ഒന്‍പതു വരെ അമൃത ആശുപത്രിയില്‍ പൊതുദര്‍ശനത്തിനുശേഷം ഭൗതികദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. ഇന്നു രാവിലെ എട്ടിന് എറണാകുളം കാരിക്കാമുറിയിലെ അദ്ദേഹത്തിന്റെ വസതിയായ ‘സന്ധ്യ’യില്‍ ഭൗതികദേഹം എത്തിക്കും. 10 മുതല്‍ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. വൈകുന്നേരം അഞ്ചിന് രവിപുരം ശ്മശാനത്തില്‍ സംസ്കാരം.
ഭാര്യ: പരേതയായ എന്‍.രത്നമ്മ. മക്കള്‍: എം.എസ്. രഞ്ജിത് (റിട്ട. ഡെപ്യൂട്ടി ചീഫ് മെക്കാനിക്കല്‍ എന്‍ജിനിയര്‍, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്), എം.എസ്. രേഖ, ഡോ. എം.എസ്. ഗീത (ഹിന്ദി വിഭാഗം റിട്ട. മേധാവി, സെന്റ് പോള്‍സ് കോളജ്, കളമശേരി), എം.എസ്. സീത (സാമൂഹികക്ഷേമ വകുപ്പ് റിട്ട. ഉദ്യോഗസ്ഥ), എം.എസ്. ഹാരിസ് (മാനേജര്‍, എനര്‍ജി മാനേജ്മെന്റ് സര്‍വീസസ്, ദുബായ്). മരുമക്കള്‍: സി.വി. മായ, സി.കെ. കൃഷ്ണന് (റിട്ട.മാനേജര്‍, ഇന്ത്യന്‍ അലുമിനിയം കമ്പനി), അഡ്വ. പി.വി. ജ്യോതി (റിട്ട. മുനിസിപ്പല്‍ സെക്രട്ടറി), ഡോ. പ്രശാന്ത് കുമാര്‍ (ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവി, കാലടി സംസ്കൃത സര്‍വകലാശാല), മിനി (ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍, ദുബായ്).
1927 ഒക്ടോബര്‍ 27ന് ആലപ്പുഴയിലെ തുമ്പോളിയില്‍ എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും മകനായി ജനിച്ച സാനു എഴുത്തുകാരന്, അധ്യാപകന്, ചിന്തകന്‍, വാഗ്മി, ജനപ്രതിനിധി എന്നീ നിലകളില്‍ പ്രാഗല്ഭ്യം തെളിയിച്ചു. സ്കൂള്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം വിവിധ സര്‍ക്കാര്‍ കോളജുകളിൽ അധ്യാപകനായി. മഹാരാജാസ് കോളജില്‍ മലയാളവിഭാഗം അധ്യാപകനായിരിക്കെ 1983ല്‍ വിരമിച്ചു. എണ്‍പതിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. എഴുത്തച്ഛന് പുരസ്കാരം ഉള്‍പ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി.
സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

കൊച്ചി: പ്രഫ.എം.കെ. സാനുവിന്റെ സംസ്കാരം ഇന്നു വൈകുന്നേരം അഞ്ചിന് എറണാകുളം രവിപുരം ശ്മശാനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നടക്കും. രാവിലെ 10 മുതല്‍ എറണാകുളം ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും.