അയർലൻഡ് ക്രിക്കറ്റ് ടീമിൽ മലയാളിത്തിളക്കം
ജയ്സൺ കിഴക്കയിൽ
Saturday, August 2, 2025 10:42 AM IST
ഡബ്ലിൻ: അയർലൻഡ് ക്രിക്കറ്റ് ടീമിൽ രണ്ട് മലയാളികൾ ഇടം നേടി. അണ്ടർ 15 അയർലൻഡ് ക്രിക്കറ്റ് ടീമിലേക്ക് മലയാളികളായ ആദിൽ നൈസാം, ശ്രാവൺ ബിജു എന്നിവരെയാണ് തെരഞ്ഞെടുത്തത്. ഇരുവരും ഓൾ റൗണ്ടർമാരാണ്.
ഡബ്ലിൻ സെന്റ് മാർഗരറ്റ്സ് റോഡിൽ താമസിക്കുന്ന തിരുവനന്തപുരം പള്ളിക്കൽ സ്വദേശി കുന്നിൽ നൈസാമിന്റെയും തിരുവനന്തപുരം തോന്നയ്ക്കൽ പുതുവൽവിള പുത്തൻവീട്ടിൽ ഡാഫോഡിൽസിൽ സുനിത ബീഗത്തിന്റെയും (നാഷണൽ മറ്റേർണിറ്റി ഹോസ്പിറ്റൽ ഡബ്ലിൻ, അയർലൻഡ്) മകനാണ് ആദിൽ.
ഡബ്ലിനിലെ പ്രമുഖ സ്ഥാപനമായ ബെൽഡിയർ കോളജിൽ ട്രാൻസിഷണൽ ഇയറിലേക്ക് കയറിയ ആദിൽ നൈസാം ക്രിക്കറ്റിനൊപ്പം പഠനത്തിലും മികവു തെളിയിച്ചു വരുന്നു.
ഡബ്ലിൻ സാഗട്ടിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശികളായ ബിജുവിന്റെയും ദീപ്തിയുടെയും മകനാണ് ശ്രാവൺ. സാഗട്ട് സിപി ഫോള സ്കൂൾ വിദ്യാർഥിയാണ്.
ഇരുവരും ഈയാഴ്ച സ്കോട്ട്ലാൻഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളിൽ അയർലൻഡിനെ പ്രതിനിധീകരിക്കും.