അയർലൻഡിലെ വംശീയ ആക്രമണം; ഞെട്ടലിൽനിന്നു മുക്തയാകാതെ മലയാളിബാലിക
Saturday, August 9, 2025 10:57 AM IST
ഡബ്ലിൻ: മലയാളിബാലികയ്ക്കു നേരേയുണ്ടായ വംശീയാക്രമണത്തിന്റെ നടുക്കത്തിലാണ് അയർലൻഡിലെ പ്രവാസികൾ. വംശീയ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് ഡബ്ലിനിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് കൊച്ചുകുട്ടിക്കുനേരേയും അതിക്രമമുണ്ടായിരിക്കുന്നത്.
അയർലൻഡിലെ വാട്ടർഫോർഡിൽ താമസിക്കുന്ന കോട്ടയം വെച്ചൂർ സ്വദേശി നവീൻ - അനുപ അച്യുതൻ ദന്പതികളുടെ മകളായ നിയയ്ക്കുനേരേയാണു കഴിഞ്ഞദിവസം വീട്ടുമുറ്റത്ത് കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ വംശീയ ആക്രമണമുണ്ടായത്.
തദ്ദേശീയരായ എട്ടുവയസുകാരി പെൺകുട്ടിയും 12, 14 പ്രായമുള്ള നാല് ആൺകുട്ടികളും സൈക്കിളിൽ അതുവഴി വരികയും അവർ നിയയ്ക്കുനേരേ അതിവേഗം സൈക്കിളോടിച്ച് ഇടിച്ചുവീഴ്ത്തുമെന്ന മട്ടിൽ ഭയപ്പെടുത്തുകയും ചെയ്തു.
കുട്ടിയുടെ മുടി വലിക്കുകയും മുഖത്ത് ഇടിക്കുകയും കഴുത്തിൽ പിടിച്ച് അമർത്തുകയും ചെയ്തു. ‘വൃത്തികെട്ട ഇന്ത്യക്കാരീ, തിരിച്ചുപോ’ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അക്രമം.
കുട്ടിയുടെ ശരീരഭാഗങ്ങളിൽ ഇപ്പോഴും വേദനയുണ്ടെന്നും ഉറക്കത്തിൽ ഭയന്ന് ഞെട്ടിയുണർന്ന് ബാഡ് ബോയ്സ് വരുന്നെന്നു പറയുമെന്നും നവീൻ പറഞ്ഞു. കുട്ടിയെ ഉപദ്രവിച്ചശേഷവും അവർ അവിടെത്തന്നെ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. തങ്ങളുടെ വീടിന്റെ വാതിൽക്കൽ വരെ വരികയും ചെയ്തു.
പോലീസ് അവരുടെ രക്ഷിതാക്കളോടു സംസാരിക്കുകയെങ്കിലും ചെയ്യുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. കേസുമായി മുന്നോട്ടുപോകാനാണു തീരുമാനം. ഞങ്ങളുടെ കുട്ടികൾ ഇവിടെ ജനിച്ചുവളർന്നവരാണ്.
ഞങ്ങൾക്കിവിടെ സമാധാനത്തോടെ ജീവിക്കണം. ഇത്തരം അനുഭവം മറ്റാർക്കുമുണ്ടാകരുത്. - നവീൻ പറഞ്ഞു. സംഭവത്തിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും കേസെടുത്ത ഉദ്യോഗസ്ഥൻ ലീവിലാണെന്ന് നവീനും അനുപയും പറഞ്ഞു.
ഏഴു വർഷം മുന്പാണ് നവീനും അനുപയും അയർലൻഡിലെത്തിയത്. കോട്ടയം ജില്ലയിലെ കടുത്തുരുത്തി സ്വദേശിനിയായ അനുപ വാട്ടർഫോഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സാണ്. അയർലൻഡ് പൗരത്വവുമുണ്ട്.
നവീൻ ഹെൽത്ത് കെയർ അസിസ്റ്റന്റാണ്. ഈ വർഷമാണ് ഇവർ വാട്ടർഫോഡിൽ വീടു വാങ്ങിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇതു മൂന്നാംതവണയാണ് അയർലൻഡിൽ ഇന്ത്യക്കാർക്കുനേരേ വംശീയാതിക്രമമുണ്ടാകുന്നത്.
ഡാറ്റാ സയന്റിസ്റ്റായ സന്തോഷ് യാദവിനെ കഴിഞ്ഞ മാസം 27ന് സുഹൃത്തിനൊപ്പം അത്താഴം കഴിച്ചശേഷം വീട്ടിലേക്കു നടക്കുന്നതിനിടെ ആറു കൗമാരക്കാർ ആക്രമിച്ചിരുന്നു. ഏതാനും ദിവസംമുന്പ് ഇന്ത്യക്കാരനായ ഒരു ടാക്സി ഡ്രൈവറെ രണ്ടു യാത്രക്കാർ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവവുമുണ്ടായി.