പ്രത്യാശയുടെ ജൂബിലി തീർഥാടനത്തിന് തടവുകാരും; സ്വീകരിച്ച് ലെയോ മാർപാപ്പ
Saturday, August 9, 2025 10:24 AM IST
വത്തിക്കാൻ സിറ്റി: 2025 പ്രത്യാശയുടെ ജൂബിലിവർഷാചരണത്തോടനുബന്ധിച്ചുള്ള തീർഥാടനത്തിനായി വത്തിക്കാനിലെത്തി തടവുകാരും. വെനീസിലെ സാന്താ മാരിയ മജോരെ ജയിലിലെ മൂന്നു തടവുകാരാണ് പ്രത്യേക അനുമതിയോടെ കാൽനടയായി വത്തിക്കാനിലെത്തിയത്.
വെനീസ് പാത്രിയാർക്കീസും ജയിലിന്റെ ചാപ്ലയിനുമായ ആർച്ച്ബിഷപ് ഫ്രാഞ്ചെസ്കോ മൊറാല്യ ഉള്‍പ്പെടെയുള്ളവര്‍ ഇവരെ അനുഗമിച്ചിരുന്നു. തീർഥാടകസംഘത്തെ ലെയോ പതിനാലാമൻ മാർപാപ്പ സ്വീകരിച്ചു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശുദ്ധ വാതിൽ കടന്ന തടവുകാര്‍, മാർപാപ്പയെ സന്ദർശിച്ച് തങ്ങളുടെ ആത്മീയ സന്തോഷം പങ്കുവച്ചു. വെനീസിൽനിന്നു കൊണ്ടുവന്ന ഏതാനും സമ്മാനങ്ങളും തടവുപുള്ളികള്‍ മാർപാപ്പയ്ക്കു നൽകി.
തികച്ചും സൗഹാർദപരമായിരുന്നു മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയെന്നും അദ്ദേഹം ഒരു സുഹൃത്തെന്ന നിലയിൽ തങ്ങളോടു സംസാരിച്ചുവെന്നും വിവിധ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞുവെന്നും തടവുകാർ പറഞ്ഞു.
ഏകദേശം 20 വർഷം മുന്‍പ് താൻ വെനീസിൽ ഉണ്ടായിരുന്നപ്പോഴുള്ള അനുഭവങ്ങൾ മാർപാപ്പ പങ്കുവച്ചു. ശിക്ഷാകാലാവധി കഴിഞ്ഞു നിയമപ്രകാരം മടങ്ങാനുള്ള തയാറെടുപ്പിനിടെയാണ് മൂന്നു തടവുകാരും വത്തിക്കാനിലേക്കു കാൽനടയായി തീർഥാടനം നടത്തിയത്.
റോമിലുള്ള മറ്റു ബസിലിക്കകളിലും സംഘം തീർഥാടനം നടത്തി.