ഇന്ത്യക്കാർക്കെതിരേയുള്ള ആക്രമണം: ഐറീഷ് സർക്കാർ ഇടപെടുന്നു
ജയ്സൺ കിഴക്കയിൽ
Saturday, August 9, 2025 3:21 PM IST
ഡബ്ലിൻ: ഇന്ത്യക്കാർക്കെതിരേ അയർലൻഡിൽ തുടർന്നുവരുന്ന അക്രമ സംഭവങ്ങൾക്ക് പരിഹാരത്തിനായി ഐറീഷ് സർക്കാർ ഇടപെടുന്നു.
സമീപ ആഴ്ചകളിൽ വർധിച്ചുവന്ന അക്രമ സംഭവങ്ങളുടെ സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ഐറീഷ് ഉപപ്രധാനമന്ത്രി സൈമൺ ഹാരീസ് തിങ്കളാഴ്ച അയർലൻഡിലെ ഇന്ത്യൻ സമൂഹ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.
വിദേശകാര്യ മന്ത്രി കൂടിയായ സൈമൺ ഹാരീസിന്റെ ഇടപെടലിൽ ഏറെ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ സമൂഹം. ഇന്ത്യൻ എംബസിയാണ് ചർച്ചയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചത്.
അയർലൻഡിലെ ഇന്ത്യൻ സമൂഹം ഐറീഷ് സമൂഹത്തിന് നൽകിവരുന്ന സംഭാവനകൾ നിസ്തുലമാണെന്നും അയർലൻഡ് ഒരിക്കലും വംശീയതയെ വച്ചു പൊറുപ്പിക്കില്ലെന്നും സൈമൺ ഹാരീസ് പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ വംശീയ ആക്രമണങ്ങൾ തടയുന്നതിനായി ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ക്രമീകരിക്കണമെന്നാണ് ഇന്ത്യൻ സംഘടനകൾ ആവശ്യപ്പെടുന്നത്.
പ്രശ്നബാധിത പ്രദേശങ്ങളിൽ നിയമപാലകരുടെ സാന്നിധ്യം കൂടുതൽ ഉറപ്പാക്കണം എന്നും ഇവർ ആവശ്യപ്പെടുന്നു.