വാഴ്വ് 25: പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
Monday, August 4, 2025 3:29 PM IST
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ ഒക്ടോബർ നാലിന് നടത്തപ്പെടുന്ന വാഴ്വ് 25ന് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
യുകെയിലെ 15 ക്നാനായ മിഷനുകളിലെയും ഇടവകാംഗങ്ങൾ ഒന്നുചേർന്ന് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും നന്മകൾ വിതറുമ്പോൾ വാഴ്വ് 2025ന്റെ പ്രവർത്തനങ്ങൾക്ക് വിവിധ കമ്മിറ്റികൾ സുസജ്ജമായി പ്രവർത്തിക്കുന്നു.
ക്നാനായ കാത്തലിക് മിഷൻസ് യുകെ കോഓർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര ചെയർമാനായിട്ടുള്ള കമ്മിറ്റിയിൽ അഭിലാഷ് മൈലപറമ്പിൽ ജനറൽ കൺവീനറായി പ്രവർത്തിക്കുന്നു. ഫാ. സജി തോട്ടം, ഫാ. ജോഷി കൂട്ടുങ്കൽ എന്നിവർ കൺവീനർമാരായും സജി രാമചനാട്ട് ജോയിന്റ് കൺവീനറായും എക്സിക്യൂട്ടീവ് കമ്മിറ്റി സജീവമായി പ്രവർത്തിക്കുന്നു.
2025 ഒക്ടോബർ നാലിന് യുകെയിലെ ബർമിംഗ്ഹാമിലെ ബെഥേൽ കൺവൻഷൻ സെന്ററിലാണ് "വാഴ്വ് 25' നടത്തപ്പെടുന്നത്. കോട്ടയം അതിരൂപതയിലെ പിതാക്കന്മാരുടെയും യുകെയിലെ ക്നാനായ വൈദികരുടെയും കാർമികത്വത്തിൽ വി. കുർബാനയോടു കൂടിയാണ് കുടുംബ സംഗമത്തിന് ആരംഭം കുറിക്കുന്നത്.
തുടർന്ന് യുകെയിലുള്ള എല്ലാ ക്നാനായ മിഷനുകളുടെയും കലാപരിപാടികൾ ഈ സംഗമത്തിന് മിഴിവേകും. യുകെ ക്നാനായ മിഷനുകളുടെ മൂന്നാമത്തെ കുടുംബസംഗമത്തിൽ പങ്കെടുക്കാൻ സമുദായ അംഗങ്ങൾ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.
15 ക്നാനായ മിഷനുകളിൽ നിന്നുമുള്ള കൈക്കാരൻമാർ ഉൾപ്പെടെയുള്ള നാഷണൽ കമ്മിറ്റിയിൽ നിന്നും തെരഞ്ഞെടുത്ത വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വാഴ്വ് സുഖമായി നടത്തുന്നതിനായി നൂറിൽപരം കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് 12 കമ്മിറ്റികളായി തിരിച്ചു ഓരോ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.
മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ വാഴ്വിന്റെ ഏറ്റവും പരമപ്രധാനമായ പ്രത്യേകത എന്താണെന്ന് വച്ചാൽ ഇത്തവണ ടിക്കറ്റ് വിതരണത്തിൽ നിന്നും നിന്നും ലഭിക്കുന്ന വിഹിതത്തിൽ നിന്നും കേരളത്തിൽ നിർധനരായ കുടുംബത്തിന് കുറഞ്ഞത് ഒരു ഭവനം എങ്കിലും നിർമിച്ച് നൽകുവാൻ പദ്ധതിയിടുന്നു.
ആയതിനാൽ തന്നെ ചാരിറ്റി ലക്ഷ്യത്തോടെയുള്ള വാഴ്വിന്റെ ടിക്കറ്റ് വിതരണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ആഘോഷമായ പൊന്തിഫിക്കൽ കുർബാനയും വിവിധ മിഷനുകളിലെ നയന മനോഹരമായ കലാവിരുന്നും കുട്ടികളുടെയും യുവജനങ്ങളുടെയും ഊർജസ്വലമായ ചടുല ചുവടുകളോട് കൂടിയ ആകർഷണീയമായ നൃത്ത സംവിധാനങ്ങളും വാഴ്വില് പങ്കെടുക്കുന്നവരുടെ മനം കുളിർപ്പിക്കും.
എല്ലാ കമ്മിറ്റികളെയും ഏകോപിപ്പിച്ച് വാഴ്വിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കോർ കമ്മിറ്റിയിലെ അംഗങ്ങൾ ദൈവത്തില് ആശ്രയിച്ച് വാഴ്വിന്റെ വിജയത്തിനായി പ്രവർത്തിച്ച് വരുന്നു.
എല്ലാ ക്നാനായ മക്കളെയും ഒക്ടോബർ നാലിന് ബർമിംഗ്ഹാമിലെ ബഥേൽ കൺവൻഷൻ സെന്ററിലേയ്ക്ക് സാദരം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
ഇത്തവണത്തെ "വാഴ്വ് 25' യുവതലമുറയുടെ ഒരു സംഗമ വേദി കൂടിയായി മാറുകയാണ്. വിശ്വാസത്തിൽ ഊന്നിയ ജീവിതം നയിക്കുന്ന യുവ ജനത അത്യധികം ആവേശത്തോടെ ഇത്തവണയും വാഴ്വിൽ അണിചേരും.
സമുദായിക പാരമ്പര്യങ്ങൾ ഉയർത്തി പിടിക്കുന്നതിന് ഒപ്പം വിശ്വാസ ജീവിതം കൂടി പരിപോഷിപ്പിച്ച് നമ്മുടെ പൂർവികർ പകർന്ന് തന്ന വിശ്വാസത്തിൽ ഊന്നിയ ക്നാനായ സമുദായത്തെ വാർത്ത് എടുക്കാൻ യുകെയിലെ എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികളോട് ഒപ്പം കുടുംബ സമേതം ഈ വാഴ് വിൽ ഒത്തുകൂടി "വാഴ്വ് 25' കുടുംബ കൂട്ടായ്മയായി മാറ്റും എന്ന് സംഘാടകർ വിലയിരുത്തുന്നു.