ട്രംപ്-പുടിൻ ഉച്ചകോടി; വെടിനിർത്തൽ അകലെ
Saturday, August 16, 2025 11:10 PM IST
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും അലാസ്കയിൽ നടത്തിയ ഉച്ചകോടിയിൽ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച തീരുമാനം ഉണ്ടായില്ല. ചർച്ച ഫലപ്രദമായിരുന്നുവെന്ന് സംയുക്ത പത്രസമ്മേളനത്തിൽ ഇരുവരും പറഞ്ഞു. അടുത്ത ചർച്ച മോസ്കോയിൽ നത്താമെന്ന് പുടിൻ അഭിപ്രായപ്പെട്ടു.
അലാസ്കയിലെ യുഎസ് സേനാ താവളത്തിൽ ചർച്ചയ്ക്കെത്തിയ പുടിനെ ചുവപ്പു പരവതാനി വിരിച്ചാണ് ട്രംപ് സ്വീകരിച്ചത്. അതേസമയം മൂന്നു മണിക്കൂർ നീണ്ട ചർച്ചയിൽ റഷ്യൻ നിലപാടുകൾ മയപ്പെടു ത്താൻ പുടിൻ തയാറായില്ലെന്നാണ് സൂചന.
പുടിന് വളരെയധികം നന്ദി പറഞ്ഞുകൊണ്ടാണ് ട്രംപ് പത്രസമ്മേളനം അവസാനിപ്പിച്ചത്. പുടിനുമായി ഉടൻ സംസാരിക്കുമെന്നും ചിലപ്പോൾ ഉടൻതന്നെ നേരിട്ടു കാണാൻ ഇടയായേക്കുമെന്നും ട്രംപ് പറഞ്ഞു. അടുത്ത തവണ മോസ്കോയിൽ കാണാമെന്നായിരുന്നു പുടിന്റെ മറുപടി.
സമാധാന കരാറിന് യുക്രെയ്ൻ തയാറാകണം
വാഷിംടൺ ഡിസിയിൽ മടങ്ങിയെത്തിയ ട്രംപ് തുടർന്ന് ഫോസ്ക് ന്യൂസിനു നല്കിയ അഭിമുഖത്തിലാണ് ഉച്ചകോടി സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. താത്കാലിക വെടിനിർത്തലിനു പകരം സമാധാന കരാറിലൂടെ യുദ്ധം അവസാനിപ്പിക്കുകയാണ് വേണ്ടതെന്നതിൽ താനും പുടിനും ധാരണയിലെത്തി.
റഷ്യ ഒരു വൻ ശക്തിയാണെന്നും യുക്രെയ്ൻ വൻ ശക്തിയല്ലെന്നും ട്രംപ് അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. അതിനാൽ യുദ്ധം അവസാനിപ്പിക്കുന്നതിനു റഷ്യയുമായി ധാരണയിലെത്താൻ യുക്രെയ്ൻ തയാറാകണം.
യുക്രെയ്നു സുരക്ഷാ ഉറപ്പുകൾ വേണമെന്ന കാര്യം പുടിൻ സമ്മതിച്ചു. യുക്രെയ്നും റഷ്യയും പരസ്പരം ഭൂമി കൈമാറുന്നതു സംബന്ധിച്ച് പുടിനുമായി ചർച്ച നടത്തി. സമാധാന കരാറിന് അടുത്തെത്തി എന്നും ട്രംപ് അവകാശപ്പെട്ടു. സമാധാന കരാർ അംഗീകരിക്കാൻ യുക്രെയ്ൻ തയാറാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുടിൻ-ട്രംപ്- സെലൻസ്കി ഉച്ചകോടിക്കു സാധ്യത
വാഷിംഗ്ടൺ സിഡിയിലേക്കു വിമാനത്തിൽ മടങ്ങുന്നതിനിടെ ട്രംപ് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായും യൂറോപ്യൻ നേതാക്കളുമായും ഫോണിൽ ചർച്ച നടത്തി. സെലൻസ്കി തിങ്കളാഴ്ച വാഷിംഗൺ ഡിസിയിലെത്തി ട്രംപിനെ കാണും. സെലൻസ്കിയുമായുള്ള ചർച്ച ഫലപ്രദമായാൽ പുടിനും കൂടി ഉൾപ്പെടുന്ന ത്രികക്ഷി ഉച്ചകോടിക്കു സാധ്യതയുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
ഇന്ത്യയെക്കുറിച്ചു പരാമർശമില്ല
റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ചൈനയ്ക്കെതിരേ ചുങ്കം ചുമത്തുന്നത് നീട്ടിവച്ചതായി ട്രംപ് ഫോക്സ് ന്യൂസ് അഭിമുഖത്തിൽ അറിയിച്ചു. പുടിനുമായുള്ള ചർച്ചയിൽ പുരോഗതി ഉണ്ടായ പശ്ചാത്തലത്തിലാണിത്.
എന്നാൽ റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയുടെ കാര്യം ട്രംപ് പരാമർശിച്ചില്ല. ഇന്ത്യൻ ഇറക്കുമതിക്ക് 50 ശതമാനം ചുങ്കമാണ് ട്രംപ് ചുമത്തിയിരിക്കുന്നത്. ഇതിൽ 25 ശതമാനം റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിലാണ്.
സെലൻസ്കി വാഷിംഗ്ടണിലേക്ക്
കീവ്: യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി നാളെ വാഷിംഗ്ടൺ ഡിസിയിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.
ട്രംപ് നിർദേശിച്ച ത്രികക്ഷി (ട്രംപ്-പുടിൻ-സെലൻസ്കി) ഉച്ചകോടിയെ പിന്തുണയ്ക്കുന്നതായി സെലൻസ്കി പറഞ്ഞു. ത്രികക്ഷി ഉച്ചകോടിക്കു പുടിൻ വിസമ്മതിച്ചാൽ റഷ്യക്കെതിരേ ഉപരോധം കടുപ്പിക്കണം.
യുക്രെയ്നുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്പോൾ യുക്രെയ്ന്റെ സാന്നിധ്യം ഉണ്ടാകണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. താത്കാലിക വെടിനിർത്തലിനു പകരം ദീർഘകാല സമാധാനം ലക്ഷ്യമിട്ടുള്ള കരാറാണു വേണ്ടതെന്നും അദ്ദേഹം കൂടിച്ചേർത്തു.