ഹാസ്യ വാതകം തീപിടിച്ച് ഹാംബുര്‍ഗിനെ വിഴുങ്ങി
ജോസ് കുന്പിളുവേലിൽ
Thursday, August 28, 2025 8:13 AM IST
ഹാംബുര്‍ഗ് : ഹാംബുര്‍ഗ് തുറമുഖത്തുണ്ടായ തീപിടിത്തത്തിൽ ലാഫിംഗ് ഗ്യാസ് അഥവാ ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്ന നൈട്രസ് ഓക്സൈഡ് പരന്നു. തീ നിയന്ത്രിക്കാന്‍ ജലപീരങ്കികളുപയോഗിച്ച് അഗ്നിശമന സേനാംഗങ്ങളും പോലീസും പരിശ്രമിക്കുകയാണ്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വെയര്‍ഹൗസില്‍ ഉണ്ടായ സ്ഫോടനങ്ങള്‍ ഹാന്‍സിയാറ്റിക് നഗരത്തില്‍ പോലീസിനും അഗ്നിശമന വകുപ്പിനും വലിയ ജാഗ്രതാ നിര്‍ദ്ദേശം നല്കി.
സംഭവത്തെ തുടർന്ന് വിവിധ ഹൈവേകളിലെ ഗതാഗതം സ്തംഭിച്ചു. ഉച്ചകഴിഞ്ഞ് ഉണ്ടായ തീപിടിത്തത്തില്‍ ദീർഘദൂരം പുകപടലം ദൃശ്യമായിരുന്നു. ഷിപ്പിംഗ് കമ്പനിയുടെ വെയര്‍ഹൗസിലെ കാറിന് തീപിടിച്ചു.
ഗ്യാസ് സിലിണ്ടറുകളില്‍ നിന്ന് ആവര്‍ത്തിച്ചുള്ള സ്ഫോടനങ്ങളുമുണ്ടായി. ഇവയിലാണ് നൈട്രസ് ഓക്സൈഡ് അടങ്ങിയിരുന്നതെന്നാണ് വിവരം.സംഭവത്തിൽ മൂന്ന് പേര്‍ക്ക് പരുക്കേറ്റതായിട്ടാണ് നിലവിലെ റിപ്പോർട്ട്. ഹാംബര്‍ഗ് ജില്ലയിലെ വെഡ്ഡലിലാണ് ഈ വെയര്‍ഹൗസ് സ്ഥിതി ചെയ്യുന്നത്