നൂറിന്റെ നിറവില്‍ മെർസ് സര്‍ക്കാര്‍; കാത്തിരിക്കുന്നത് കനത്ത വെല്ലുവിളികൾ
ജോസ് കുമ്പിളുവേലിൽ
Monday, August 18, 2025 3:20 PM IST
ബര്‍ലിന്‍: ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് അധികാരത്തിലേറിയിട്ട് 100 ദിവസം തികഞ്ഞു. മേയിലാണ് ജർമനിയുടെ പുതിയ ചാൻസലറായി ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ(സിഡിയു) നേതാവ് മെർസ് സ്ഥാനമേറ്റത്.
അതേസമയം, കനത്ത വെല്ലുവിളികളാണ് മെർസ് ഭരണകൂടം നേരിടുന്നത്. ക്രമരഹിതമായ കുടിയേറ്റം തടയുന്നതിനും വിദേശനയം മെച്ചപ്പെടുത്തുന്നതിനും സർക്കാർ ശ്രമിക്കുമ്പോഴും ഭരണമുന്നണിയിൽ വിള്ളലുകൾ പ്രകടമാണ്.
ഗാസയിലെ യുദ്ധത്തിൽ ഉപയോഗിക്കാനിടയുള്ള ആയുധങ്ങൾ ഇസ്രയേലിന് നൽകുന്നത് താത്കാലികമായി നിർത്തിവയ്ക്കാനുള്ള മെർസിന്റ തീരുമാനം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പാർട്ടിയിൽപ്പോലും മുൻകൂട്ടി ചർച്ച ചെയ്യാതെയാണ് മെർസ് ഈ തീരുമാനമെടുത്തത്.
ഇസ്രായേലിന് മേൽ ഭാഗിക ആയുധ ഉപരോധം ഏർപ്പെടുത്തിയതിനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. റഷ്യയ്ക്കെതിരായ യുദ്ധത്തിൽ യുക്രെയ്നെ പൂർണമായി പിന്തുണയ്ക്കാനുള്ള സർക്കാരിന്റെ നീക്കത്തിലും ജനങ്ങൾക്കിടയിൽ അതൃപ്തിയുണ്ട്.
ഇത് തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനിയുടെ(എഎഫ്ഡി) വളർച്ചയ്ക്ക് കാരണമായി. എഎഫ്ഡിയുടെ വോട്ട് വിഹിതം ഇരട്ടിയായി വർധിക്കുകയും ഓഗസ്റ്റിൽ നടന്ന ഒരു സർവേയിൽ അവർ ഭരണകക്ഷിയായ സിഡിയു - സിഎസ്യുവിനേക്കാൾ മുന്നിലെത്തുകയും ചെയ്തിരുന്നു.
ഇത്തരം വെല്ലുവിളികളെയെല്ലാം മെർസ് എങ്ങനെ തരണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.