അയർക്കുന്നം - മറ്റക്കര യുകെ സംഗമത്തിന് പുതുനേതൃത്വം
ബെൻസിലാൽ ചെറിയാൻ
Tuesday, August 19, 2025 1:20 PM IST
ലണ്ടൻ: കോട്ടയം ജില്ലയിലെ അയർക്കുന്നം, മറ്റക്കര സ്വദേശികളായ യുകെ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ അയർക്കുന്നം മറ്റക്കര സംഗമത്തിന് പുതുനേതൃത്വം.13 അംഗ കമ്മിറ്റിയെയാണ് ബർമിംഗ്ഹാമിൽ നടന്ന എട്ടാമത് സംഗമത്തിൽ അടുത്ത രണ്ട് വർഷത്തേക്കുള്ള സാരഥികളെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്.
2017ൽ നടന്ന ആദ്യ സംഗമത്തിന്റെ ജനറൽ കൺവീനറായിരുന്ന സി.എ ജോസഫ് (പ്രസിഡന്റ്), ബെൻസിലാൽ ചെറിയാൻ (സെക്രട്ടറി), തോമസ് ഫിലിപ്പ് (ട്രഷറർ), ചിത്ര എബ്രഹാം (വൈസ് പ്രസിഡന്റ്), ജിഷ ജിബി (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജോമോൻ വള്ളൂർ, ബിജു പാലക്കുളത്തിൽ, ജോഷി കണിച്ചിറയിൽ, ഫെലിക്സ് ജോൺ, ഷിനോയ് തോമസ്, ജോജി ജോസ് എന്നിവരെയും പ്രോഗ്രാം കോഓർഡിനേറ്റർമാരായി റാണി ജോസഫ്, ടെൽസ്മോൻ തടത്തിൽ എന്നിവരെയും തെരഞ്ഞെടുത്തു.
മുൻ പ്രസിഡന്റ് മേഴ്സി ബിജുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തത്. പുതിയ കമ്മിറ്റിയുടെ കാലയളവിൽ നടക്കുന്ന അടുത്ത വർഷത്തെ സംഗമവും 2027ൽ നടക്കുന്ന സംഗമത്തിന്റെ പത്താം വാർഷികവും വൈവിധ്യമാർന്ന പരിപാടികളോടെ നടത്താനും തീരുമാനിച്ചു.
കാരുണ്യമർഹിക്കുന്ന ആളുകൾക്ക് അയർക്കുന്നം - മറ്റക്കര സംഗമം സഹായഹസ്തമായി തീരാനുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ തുടരാനും പുതിയ കമ്മിറ്റി തീരുമാനിച്ചു.
എല്ലാ കുടുംബാംഗങ്ങളുടെയും സഹകരണത്തോടെ ക്രിയാത്മകമായ പ്രവർത്തനങ്ങൾ പുതിയ കമ്മിറ്റിയും ആവിഷ്കരിച്ച് സംഗമത്തെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുമെന്നും പ്രസിഡന്റ് സി.എ. ജോസഫ്, സെക്രട്ടറി ബെൻസിലാൽ ചെറിയാൻ, ട്രഷറർ തോമസ് ഫിലിപ്പ് എന്നിവർ അറിയിച്ചു.