പേപാല്‍ സേവനങ്ങൾ ജര്‍മനിയിൽ തടസപ്പെട്ടു
ജോസ് കുമ്പിളുവേലിൽ
Sunday, August 31, 2025 11:36 AM IST
ബർലിൻ: ഓൺലൈൻ പേയ്മെന്റ് സേവനമായ പേപാല്‍ ജര്‍മനിയിൽ തടസപ്പെട്ടു. ഇതേ തുടർന്ന് കോടിക്കണക്കിന് യൂറോയുടെ ഇടപാടുകളാണ് നിലച്ചത്. പേപാലിന്റെ സുരക്ഷാ സംവിധാനത്തിലുണ്ടായ പിഴവാണ് തകരാറിന് കാരണമെന്ന് റിപ്പോർട്ട്.
റിപ്പോർട്ടുകൾ പ്രകാരം, 10 ബില്യൺ യൂറോയിലധികം മരവിപ്പിച്ചു. ബയറിഷെ ലാൻഡെസ്ബാങ്ക് ഏകദേശം നാല് ബില്യൺ യൂറോയുടെ പേപാൽ ഇടപാടുകൾ തടഞ്ഞുവച്ചപ്പോൾ, ഡിസെഡ് ബാങ്കും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഇടപാടുകൾ നിർത്തിവച്ചു. ഇത് വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ പ്രതിസന്ധിയിലാക്കി.
പേപാൽ സേവനങ്ങളിലുണ്ടായ തകരാർ കാരണം ജർമനിയിലെ ഉപയോക്താക്കൾക്ക് ഓൺലൈൻ പേയ്മെന്റുകൾ നടത്താൻ സാധിച്ചില്ല. ഡെബിറ്റുകൾ പ്രവർത്തിക്കാത്തതിനാൽ പല ഇടപാടുകളും മുടങ്ങി.
ഈ വിഷയത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്കും ആശങ്ക രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് ബാങ്കുകളോട് വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞാഴ്ചകളിൽ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നിരുന്നു.
ഇതിന് പിന്നാലെയാണ് ഈ പുതിയ പ്രതിസന്ധി. ഉപഭോക്താക്കൾ പുതിയ തട്ടിപ്പുകൾക്ക് ഇരയാകാൻ സാധ്യതയുണ്ടെന്ന് ഉപഭോക്തൃ സംരക്ഷണ ഏജൻസി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
കാലിഫോർണിയയിലെ സാൻ ജോസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പേപാൽ, ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമാണ്.
ജർമനിയിൽ 30 ദശലക്ഷത്തിലധികം ആളുകൾ പേപാൽ ഉപയോഗിക്കുന്നുണ്ടെന്നാണ് കമ്പനിയുടെ കണക്ക്. രാജ്യത്തെ ഓൺലൈൻ ഇടപാടുകളുടെ മൂന്നിലൊന്ന് പേപാൽ വഴിയാണ് നടക്കുന്നത്.