യുക്മ വള്ളംകളി ലോഗോ: ലിജോ ലാസർ വിജയി
കുര്യൻ ജോർജ്
Tuesday, August 26, 2025 3:49 PM IST
ലണ്ടൻ: യുക്മ - ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 ലോഗോ മത്സരത്തിൽ വെസ്റ്റ് യോർക്ക്ഷയർ കീത്ത്ലി മലയാളി അസോസിയേഷനിൽ നിന്നുള്ള ലിജോ ലാസർ വിജയിയായി. ശനിയാഴ്ച നടക്കുന്ന ഏഴാമത് വള്ളംകളി മത്സരത്തിന്റെ മുഴുവൻ ഔദ്യോഗിക കാര്യങ്ങൾക്കും ലിജോ ഡിസൈൻ ചെയ്ത ലോഗോയായിരിക്കും ഉപയോഗിക്കുക.
നിരവധി പേർ പങ്കെടുത്ത ലോഗോ മത്സരത്തിൽ നിന്നാണ് ലിജോ ലാസറിന്റെ ലോഗോ യുക്മ ദേശീയ സമിതി തെരഞ്ഞെടുത്തത്. അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ലിജോ, വള്ളംകളിയുടെ നാടായ ആലപ്പുഴ കുട്ടനാട് പുളിങ്കുന്ന് സ്വദേശിയാണ്. ലോഗോ മത്സരത്തിൽ വിജയിയായ ലിജോയ്ക്ക് വള്ളംകളി വേദിയിൽ വച്ച് സമ്മാനം വിതരണം ചെയ്യും.
ഷെഫീൽഡിനടുത്ത് റോഥർഹാം മാൻവേഴ്സ് തടാകത്തിൽ നടക്കുന്ന വള്ളംകളിയും അനുബന്ധ കലാപരിപാടികളും വൻ വിജയമാക്കുവാൻ ദേശീയ സമിതി പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ദേശീയ, റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.
വള്ളംകളിയോട് അനുബന്ധിച്ച് നടക്കുന്ന കാർണിവൽ പതിവ് പോലെ കാണികളെ ആകർഷിക്കുന്ന വിധത്തിലുള്ള വിവിധ പരിപാടികൾ കൊണ്ട് ഇക്കുറിയും അത്യാകർഷമാകും.
മലയാളി സുന്ദരി മത്സരം, തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസ്, തെയ്യം, പുലികളി, യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികൾ ഉൾപ്പടെ നിരവധി കലാപരിപാടികളാണ് വള്ളംകളി വേദിയിൽ അരങ്ങേറുന്നത്.
വള്ളംകളി സ്പോൺസർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്: അഡ്വ. എബി സെബാസ്റ്റ്യൻ - 077 0286 2186, ജയകുമാർ നായർ - 074 0322 3006, ഡിക്സ് ജോർജ് - 074 0331 2250.