ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത യുവജന സംഗമം ശനിയാഴ്ച ഷെഫീൽഡിൽ
ഷൈമോൻ തോട്ടുങ്കൽ
Thursday, September 4, 2025 2:26 PM IST
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത എസ്എംവൈഎമ്മിന്റെ നേതൃത്വത്തിലുള്ള ഈ വർഷത്തെ യുവജന സംഗമം ഹന്തൂസ 2025(സന്തോഷം) ശനിയാഴ്ച ഇംഗ്ലണ്ടിലെ ഷെഫീൽഡിൽ മാഗ്നാ ഹാളിൽ നടക്കും.
രൂപതയുടെ വിവിധ ഇടവകളിൽ നിന്നും മിഷനുകളിൽ നിന്നുമായി 1700 യുവതീ യുവാക്കൾ പങ്കെടുക്കുന്ന ഈ മുഴുവൻദിന കൺവൻഷനിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
പരിപാടിയോടനുബന്ധിച്ച് ദിവ്യകാരുണ്യ ആരാധന, വിവിധ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങൾ, വിവിധ കലാപരിപാടികൾ, നസ്രാണി ഹെറിറ്റേജ് ഷോ എന്നിവയും പ്രശസ്ത ക്രിസ്ത്യൻ റാപ്പർ പ്രൊഡിഗിൽസ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയും കൺവൻഷനെ കൂടുതൽ ആവേശജനകമാക്കും.
യുവജനങ്ങൾക്ക് അവരുടെ വിശ്വാസത്തെ ആഴപ്പെടുത്താനും കൂട്ടായ്മയുടെ സന്തോഷം അനുഭവിക്കാനും ഈശോമിശിഹായിലേക്ക് കൂടുതൽ അടുക്കാനുമുള്ള ഒരു അതുല്യ അവസരമാണ് ഈ യുവജന സംഗമം എന്ന് രൂപത എസ്എംവൈഎം ഭാരവാഹികൾ അറിയിച്ചു.