യുക്മ ഫസ്റ്റ് കോൾ കേരളപ്പൂരം വള്ളംകളി: കൊമ്പൻസ് ബോട്ട് ക്ലബ് ബോൾട്ടന് ചാന്പ്യന്മാർ
കുര്യൻ ജോർജ്
Friday, September 12, 2025 6:28 AM IST
റോതെർഹാം: യുക്മ ഫസ്റ്റ് കോൾ കേരളപ്പൂരം വള്ളംകളി മത്സരങ്ങൾക്ക് ആവേശകരമായ പരിസമാപ്തി. കേരളത്തിന് പുറത്ത് സംഘടിപ്പിക്കുന്ന മലയാളികളുടെ ഏറ്റവും വലിയ വള്ളംകളി മത്സരമായിരുന്നു കഴിഞ്ഞ ശനിയാഴ്ച പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ഒൻപതര മണിയോടെ ആരംഭിച്ച മത്സരങ്ങൾക്ക് വൈകുന്നേരം ആറര മണിയോടെയാണ് സമാപനമായത്.
31 ജലരാജാക്കന്മാർ ഇരമ്പിയാർത്ത വള്ളം കളി മത്സരത്തിൽ കൊമ്പൻസ് ബോട്ട് ക്ലബ് ബോൾട്ടൺ ചാന്പ്യാന്മാരായി. രണ്ടാം സ്ഥാനത്ത് എസ് എം എ ബോട്ട് ക്ലബ് എത്തിയപ്പോൾ ലിവർപൂളിന്റെ ജവഹർ ബോട്ട് ക്ലബ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. നാലാം സ്ഥാനത്ത് സെവൻ സ്റ്റാർസ് കൊവെൻട്രിയും അഞ്ചും ആറും സ്ഥാനങ്ങൾ യഥാക്രമം എൻഎംസിഎ ബോട്ട് ക്ലബും ബിഎംഎ ബോട്ട് ക്ലബും സ്വന്തമാക്കി.
വനിതകൾക്കായി നടത്തിയ പ്രദർശന മത്സരത്തിൽ ലിവർപൂൾ ലിമ ഒന്നാം സ്ഥാനവും റോയൽ 20 ബെർമിങ്ങാം രണ്ടാം സ്ഥാനവും സാൽഫോർഡിന്റെ എസ് എം എ റോയൽസ് മൂന്നാം സ്ഥാനവും ഗ്രിംസ്ബി തീപ്പൊരികൾ നാലാം സ്ഥാനവും നേടി. പതിനൊന്ന് ടീമുകൾ മാറ്റുരച്ച വനിതകളുടെ മത്സരങ്ങളിൽ ഓരോ ഹീറ്റ്സിലും വീറും വാശിയും പ്രകടമായിരുന്നു.
വൈകിട്ട് നടന്ന യുക്മ ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 സമാപന സമ്മേളനത്തിൽ യുക്മ ദേശീയ അധ്യക്ഷൻ അഡ്വ.എബി സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു. വിശിഷ്ടാതിഥിയായെത്തിയ ബേസിംഗ്സ്റ്റോക്ക് കൗൺസിലർ സജീഷ് ടോം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജയകുമാർ നായർ സ്വാഗതം പറഞ്ഞു. കേരളപ്പൂരത്തിന്റെ ഭാഗമായി നടന്ന യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി വിജയികൾക്ക് സെലിബ്രിറ്റി ഗസ്റ്റായെത്തിയ ചലച്ചിത്ര താരം നേഹ സക്സേന പുരസ്കാരങ്ങൾ സമ്മാനിച്ചു.
ചാന്പ്യൻ പട്ടം നേടിയ കൊമ്പൻസ് ബോട്ട് ക്ലബ് ബോൾട്ടന് യുക്മ ദേശീയ അധ്യക്ഷൻ അഡ്വ.എബി സെബാസ്റ്റ്യൻ യുക്മ കേരളപ്പൂരം ട്രോഫിയും ക്യാഷ് പ്രൈസ് സ്പോൺസറായ മാത്യു അലക്സാണ്ടറും ടീമംഗങ്ങളുടെ മെഡലുകൾ വള്ളംകളി കോ ഓർഡിനേറ്റർ ഡിക്സ് ജോർജും സമ്മാനിച്ചു.
രണ്ടാം സ്ഥാനക്കാരായ എസ് എം എ ബോട്ട് ക്ലബ് സാൽഫോഡിന് യുക്മ നാഷനൽ ട്രഷറർ ഷീജോ വർഗ്ഗീസ് ട്രോഫിയും ക്യാഷ് പ്രൈസ് സ്പോൺസറായ മാത്യു എലൂരും ടീമംഗങ്ങളുടെ മെഡലുകൾ ദേശീയ ഉപാധ്യക്ഷൻ വർഗീസ് ഡാനിയും സമ്മാനിച്ചു.
മൂന്നാം സ്ഥാനത്തെത്തിയവർക്ക് ട്രോഫി നാഷനൽ ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായി സമ്മാനിച്ചപ്പോൾ ക്യാഷ് പ്രൈസ് സ്പോൺസറായ ബിജോ ടോമും ടീമംഗങ്ങൾക്കുള്ള മെഡലുകൾ നാഷനൽ ജോയിന്റ് ട്രഷറർ പീറ്റർ താണോലിലും സമ്മാനിച്ചു. നാലാം സ്ഥാനത്തെത്തിയവർക്ക് നാഷനൽ വൈസ് പ്രസിഡന്റ് സ്മിതാ തോട്ടം ട്രോഫിയും സ്പോൺസറായ സൈമൺ വർഗീസ് ക്യാഷ് പ്രൈസും മറ്റൊരു സ്പോൺസറായ ഷംജിത് മെഡലുകളും സമ്മാനിച്ചു.
വനിതകളുടെ വിഭാഗത്തിൽ ചാന്പ്യന്മാരായ ലിവർപൂൾ ലിമക്ക് ഫൊക്കാന പ്രസിഡന്റ് സജി ആന്റണി ട്രോഫിയും മെഡലുകൾ ബേസിംഗ്സ്റ്റോക്ക് കൗൺസിലർ സജീഷ് ടോമും സമ്മാനിച്ചു. രണ്ടാം സ്ഥാനത്തെത്തിയ റോയൽ 20 ബെർമിങ്ങാമിന് യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് വർഗീസും, മിഡ്ലാൻഡ്സ് റീജൻ പ്രസിഡന്റ് ജോബി പുതുക്കുളങ്ങരയും സമ്മാനങ്ങൾ വിതരണം ചെയ്തു. മൂന്നാം സ്ഥാനത്തെത്തിയ സാൽഫോർഡിന്റെ എസ് എം എ റോയൽസിന് ദേശീയ സമിതിയംഗം ജോർജ് തോമസും ഈസ്റ്റ് ആംഗ്ലിയ റീജൻ പ്രസിഡന്റ് ജോബിൻ ജോർജും പുരസ്കാരങ്ങൾ നൽകി.
നാലാം സ്ഥാനത്തെത്തിയ ഗ്രിംസ്ബി തീപ്പൊരികൾക്ക് ദേശീയ സമിതിയംഗം സുരേന്ദ്രൻ ആരക്കോട്ടും മുൻ നാഷനൽ വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോയും സമ്മാനങ്ങൾ നൽകി.ഏകദേശം ഏഴായിരത്തോളം കാണികൾ ഒഴുകിയെത്തിയ യുക്മ ഫസ്റ്റ് കോൾ കേരളപ്പൂരം വള്ളംകളിക്ക് ഇക്കുറി ആവേശപൂരമായ വരവേൽപ്പാണ് യുകെ മലയാളികൾ ഒരുക്കിയത്.